സോഷ്യൽ മീഡിയയിൽ തരംഗമായി പഴയ കാല ഫോട്ടോകൾ; ട്രെൻ്റിനൊപ്പം കുതിച്ച് കുട്ടികളും യുവാക്കളും മുതിർന്നവരും

സോഷ്യൽ മീഡിയയിലാകെ തരംഗമിപ്പോൾ പുതിയ ട്രെൻ്റ് ഫോട്ടോകളാണ്.80 കളിലെ തങ്ങളുടെ രൂപമറിയാനായി യുവാക്കളും മുതിർന്നവരും കുട്ടികളുമുൾപ്പെടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായം തേടിയിരിക്കുകയാണ്. ഇന്നത്തെ ഒരു ചിത്രം നൽകിയാൽ, എൺപതുകളിലെ ഫാഷനും ഹെയർസ്റ്റൈലും ഫോട്ടോഗ്രഫി ശൈലിയുമെല്ലാം ചേർത്ത് അന്നത്തെ കാലഘട്ടത്തിൽ താൻ എങ്ങനെയായിരുന്നുവെന്ന് സങ്കൽപ്പിച്ച് കാണിക്കുന്ന എഐ ചിത്രങ്ങളാണ് പുതിയ ട്രെൻഡ്. ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകളിൽ വ്യക്തമായൊരു ചിത്രം അപ്ലോഡ് ചെയ്ത് നിർദേശം നൽകിയാൽ, മുഖത്തിന്റെ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് ചിത്രത്തെ എൺപതുകളുടെ കാലഘട്ടത്തിലേക്ക് മാറ്റിയെടുക്കാം. വലിയ കോളറുകളുള്ള ഷർട്ടുകൾ, തിളങ്ങുന്ന വസ്ത്രങ്ങൾ, അന്നത്തെ ജനപ്രിയ ഹെയർസ്റ്റൈലുകൾ, വിന്റേജ് മേക്കപ്പ്, ഫിലിം ക്യാമറയുടെ ഗ്രെയിൻ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് ചിത്രങ്ങൾക്ക് പഴയകാലത്തിന്റെ ഭംഗി നൽകുന്നത്.
ഇന്നത്തെ ഡിജിറ്റൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, പഴയ ഫിലിം ക്യാമറയിൽ പകർത്തിയതുപോലുള്ള നിറവും ചിത്രങ്ങൾക്ക് ലഭിക്കുന്നതാണ് ട്രെൻഡിന്റെ പ്രധാന ആകർഷണം. എൺപതുകളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഗൃഹാതുരതയുടെ യാത്ര. 1970കളിലെ ഡിസ്കോ കാലം മുതൽ 1990കളിലെ ഗ്രഞ്ച് കാലഘട്ടം വരെയും 1950കളിലെ ക്ലാസിക് ഹോളിവുഡ് ശൈലി വരെയും എഐയുടെ സഹായത്തോടെ പരീക്ഷിക്കാം. 70കളുടെ തിളക്കമാർന്ന ഡിസ്കോ ഫാഷൻ, 80കളുടെ നിറപ്പകിട്ടുള്ള വിന്റേജ് സ്റ്റൈൽ, 90കളുടെ ഡെനിം-ഫ്ലാനൽ ഗ്രഞ്ച് ലുക്ക്, 50കളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹോളിവുഡ് ഭംഗി തുടങ്ങി ഓരോ കാലഘട്ടത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് ചിത്രങ്ങളെ പുനഃസൃഷ്ടിക്കാം. സാങ്കേതികവിദ്യയ്ക്കൊപ്പം ഓർമകളെയും ഫാഷനെയും കൂട്ടിയിണക്കുന്ന ഈ പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിൽ ഒരു കൗതുകമായി മാറുകയാണ്. ഒരിക്കലും ജീവിച്ചിട്ടില്ലാത്തൊരു കാലത്തെ പോലും ചിത്രങ്ങളിലൂടെ ‘അനുഭവിക്കാൻ’ കഴിയുന്നതാണ് എഐ റെട്രോ ട്രെൻഡിന്റെ പ്രത്യേകത. ഇന്നത്തെ മുഖത്ത് പഴയകാലത്തിന്റെ ഭംഗി ചേർത്തുകൊണ്ട്, സോഷ്യൽ മീഡിയ വീണ്ടും തിരിഞ്ഞുനോക്കുകയാണ് ആ പഴയ കാലത്തിലേക്ക്.
സി.ഫസൽബാബു



