തിരുവമ്പാടിയിൽ ‘ട്രീ’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം; എൽ.എം.എം.എസ് പരിശീലനത്തിന് തുടക്കമായി.

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സി.കെ. കാസിം എം.എൽ.എ നടപ്പിലാക്കുന്ന ‘ട്രീ’ (TREE) വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എൻ.എം.എം.എസ് (NMMS) മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കമായി. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി യോഗ്യത നേടിയ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഓർഫനേജ് സ്കൂളിൽ നടന്ന മണ്ഡലം തല മത്സര പരീക്ഷയിൽ പങ്കെടുത്തു.
സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നിന്നും മണ്ഡലം തല പരീക്ഷയിലൂടെ കണ്ടെത്തുന്ന 150 പേർക്കാണ് ആദ്യഘട്ടത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ-ഓഫ്‌ലൈൻ പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ പരീക്ഷാഭയം മാറ്റി കൂടുതൽ പേരെ സ്കോളർഷിപ്പിന് അർഹരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിനുപുറമേ, വ്യക്തിഗത മെന്ററിങ്, ഗ്രൂപ്പ് ലേണിംഗ്, നിരന്തര മൂല്യനിർണയം, സൗജന്യ സ്റ്റഡി മെറ്റീരിയൽ വിതരണം എന്നിവയും ഉറപ്പാക്കും. വരും വർഷങ്ങളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ നടക്കുന്ന മത്സര പരീക്ഷകൾക്കും കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷാ കേന്ദ്രത്തിലെത്തി കുട്ടികളുമായും രക്ഷിതാക്കളുമായും എം.എൽ.എ സംവദിച്ചു. ചടങ്ങിൽ ടി.പി. അബൂബക്കർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗൺസിലർമാരായ സുഹറ വഹാബ്, ഹനീഫ് മുഹമ്മദ്, ട്രീ കോ-ഓർഡിനേറ്റർമാരായ കെ.പി. ജാബിർ, പി.യു. സാഹിർ, ഫാസിൽ കാരാട്ട്, നസീബ് ഉള്ളാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.



