KERALA NEWS

വാതിലുകൾ തുറന്നുവെച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്

തിരുവനന്തപുരം: വാതിലുകൾ തുറന്നുവെച്ച് അപകടകരമായ രീതിയിൽ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കി കേരള പോലീസ്. സെപ്റ്റംബർ 23 മുതൽ 30 വരെ സംഘടിപ്പിച്ച പ്രത്യേക ഡ്രൈവിൽ നിയമലംഘനം നടത്തിയ 2021 ബസുകൾക്കെതിരെ നടപടിയെടുത്തു.
തുറന്നിട്ട വാതിലുകളിലൂടെ യാത്രക്കാർ തെറിച്ചുവീണ് മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ തുറന്നുവെച്ച വാതിലിലൂടെ തെറിച്ചുവീണ് യാത്രക്കാർ മരണപ്പെടുകയും തൃശൂരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഓടുന്ന ബസുകളുടെ വാതിലുകൾ നിർബന്ധമായും അടച്ചിടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ ഡ്രൈവ് സംഘടിപ്പിച്ചത്.
പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 31,408 ബസുകൾ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയ 2021 ബസുകളിൽ നിന്നായി 5,57,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ 2014 പരിപാടികളിൽ 10,784 പേർ പങ്കെടുത്തു.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്.പിമാർ, എൻഫോഴ്‌സ്മെന്റ് വിഭാഗം എന്നിവർ ചേർന്നാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്‌സ്മെന്റ് വിഭാഗവും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
പരാതികൾ ‘ശുഭയാത്ര’ വാട്സ്ആപ്പിലേക്ക് അറിയിക്കാം:
ബസുകളുടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറായ 9747001099-ലേക്ക് വിവരങ്ങൾ കൈമാറാം. നിയമലംഘനത്തിന്റെ ഫോട്ടോ, ഓഡിയോ അല്ലെങ്കിൽ വീഡിയോ എന്നിവയ്‌ക്കൊപ്പം സ്ഥലം, ജില്ല, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവ വ്യക്തമാക്കി സന്ദേശം അയക്കാവുന്നതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com