150 ഗുരുശ്രേഷ്ഠരെ വന്ദിച്ച് തിരുവമ്പാടി യു.പി.സ്കൂളിന്റെ അധ്യാപക ദിനാഘോഷം

തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി.സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി അധ്യാപകദിനത്തിൽ 150 ൽ പരം ഗുരുശ്രേഷ്ഠരെ ആദരിച്ച ആചാര്യ സവിധേ പരിപാടി നടന്നു. തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, കോടഞ്ചേരി, ഓമശ്ശേരി, ചാത്തമംഗലം, താമരശ്ശേരി പഞ്ചായത്തുകളിലും മുക്കം മുൻസിപ്പാലിറ്റിയിലുംകോഴിക്കോട് കോർപ്പറേഷനിലും അധ്യാപകരുടെ നേതൃത്വത്തിൽ ആശംസ കാർഡുകളുമായി എത്തി , തിരഞ്ഞെടുത്ത അധ്യാപകരെ ആദരിച്ചു.അനുഭവങ്ങൾ വീഡിയോയിൽ പകർത്തിയും കുശലാന്വേഷണങ്ങൾ നടത്തിയും നടന്ന പരിപാടിയിൽവിശ്രമ ജീവിതം നയിക്കുന്ന അധ്യാപകരും പ്രധാനാധ്യാപകരും എ ഇ ഒ മാരും ഉൾപ്പെടെ പ്രഗൽഭ വ്യക്തികൾ പങ്ക് ചേർന്നു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി, ആചാര്യശ്രേഷ്ഠരുടെ അനുഭവങ്ങൾക്ക് പുസ്തക രൂപം നൽകുക എന്നതും ഈ സദുദ്യമത്തിന്റെ പിന്നിലെ ലക്ഷ്യമാണെന്ന് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ പറഞ്ഞു.
വിദ്യാലയത്തിൽ നടന്ന അധ്യാപക ദിനാഘോഷത്തിൽ ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , സീനിയർ അസിസ്റ്റൻഡ് തങ്കമ്മ തോമസ് എന്നിവരെ പൊന്നാട അണിയിച്ചും സമ്മാനങ്ങൾ നൽകിയും ആദരിച്ചു. സ്കൗട്ട്, ഗൈഡ്, ജെ ആർസി കേഡറ്റുകളും സമ്മാനങ്ങൾ നൽകി.
സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, ജാൻസി വർഗ്ഗീസ്, റോജ കാപ്പൻ , ഫിലോമിന പി.ജെ, റീന പി തോമസ് അബ്ദുറബ്ബ്, അയൂബ്, ധന്യ ആന്റണി, ഷാഹിന എ.പി., സ്കൂൾ ലീഡർ ഐഷ അംന എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരും പരിപാടികളിൽ പങ്കാളികളായി.



