
ബത്തേരി∙ ഇത്തവണത്തെ ഓണം ബംപറാണ് ബംപർ. 25 കോടിയാണ് ഒന്നാം സമ്മാനം. കേരള ഭാഗ്യക്കുറിയിലൂടെ നാളിതുവരെ ലഭിക്കാത്ത ഒന്നാം സമ്മാനമാകും ഇത്തവണ ഭാഗ്യവാനെ തേടിയെത്തുക. 500 രൂപ വിലയുള്ള ടിക്കറ്റു വിൽപന തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും ഇപ്പോൾ കൂടുന്നുണ്ട്. ബത്തേരിയിൽ അത്തം നാൾ മുതൽ പി.എം. ഏലിയാസ് ബംപർ ലോട്ടറി വിൽക്കുന്നത് വലിയ കുടയിൽ ഓരോ കമ്പിയറ്റത്തും തൂക്കിയിട്ടാണ്.
പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സുരക്ഷിതമായി ‘25 കോടികളുടെ’ കിടപ്പ്. ഇതുവരെ ദിവസം 50 മുതൽ 60 വരെ ടിക്കറ്റുകൾ വിൽക്കുന്ന ഇദ്ദേഹം ഇതുവരെ 800 ഓണം ബംപറുകൾ വിറ്റു കഴിഞ്ഞു. അതായത് 4 ലക്ഷം രൂപയുടെ ടിക്കറ്റ്. ബത്തേരി ടൗണിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ റോഡരുകിലൂടെ നടന്നാണ് ഏലിയാസിന്റെ ടിക്കറ്റ് വിൽപന.ലാഭവിഹിതത്തിന്റെ ഒരു ഭാഗം ഇദ്ദേഹം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും മാറ്റി വയ്ക്കുന്നു. ജില്ലയിൽ ലോട്ടറി ഓഫിസ് വഴി ഇതുവരെ 40000 ടിക്കറ്റുകളാണ് വിൽപനക്കെത്തിയത്. വിവിധ ഏജൻസികൾ വഴി ജില്ലക്കകത്തേക്കും പുറത്തേക്കും ടിക്കറ്റുകൾ പോകുന്നതിനാൽ ജില്ലയിൽ മാത്രം എത്ര ടിക്കറ്റുകൾ വിറ്റുവെന്ന കണക്ക് ലഭിക്കാൻ ബുദ്ധിമുട്ടാണ്.



