News

മെമുവിൽ വനിതാ കമ്പാർട്ടുമെന്റില്ല, ശൗചാലയങ്ങളും കുറവ്; പരാതിയേറുന്നു

കണ്ണൂർ-കോയമ്പത്തൂർ മെമു തീവണ്ടിയിൽ വനിതാ കമ്പാർട്ടുമെന്റുകൾ ഇല്ലാത്തത് പരാതികൾക്ക് ഇടയാക്കുന്നു. മറ്റ് യാത്രക്കാരോടൊത്ത് ഇടകലർന്ന് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരാതികളായി റെയിൽവേ സ്റ്റേഷനിലും പോലീസിലും ലഭിക്കുന്നു.

കോച്ച് കുറവായതിന്റെ വലിയ പ്രയാസമാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്. മിക്ക ദിവസങ്ങളിലും എട്ട്-ഒൻപത് കോച്ചുകൾ മാത്രമേ മെമു തീവണ്ടിക്ക് ഉണ്ടാവുന്നുള്ളു.നേരത്തേ പാസഞ്ചറായി ഓടിയിരുന്ന സമയത്ത് 14 മുതൽ 16 വരെ കോച്ചുകളുണ്ടായിരുന്ന സ്ഥാനത്താണിത്. തമിഴ്‌നാട്ടിൽ ഓടി പഴകിയ കോച്ചുകളാണ് പലപ്പോഴും ഉപയോഗിക്കുന്നതെന്ന പരാതിയുമുണ്ട്.

ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുവാൻ പാസഞ്ചർ വണ്ടി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. അതല്ലെങ്കിൽ ബോഗികളുടെ എണ്ണം കൂട്ടണം. രാവിലെ 6.20-ന് കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന മെമു 7.30 നും 7.35-നുമിടയിൽ കൊയിലാണ്ടിയിൽ എത്തും. വണ്ടി വടകരയിലെത്തുമ്പോൾ തന്നെ നിൽക്കാൻപോലും സ്ഥലമുണ്ടാവില്ല. അതിനാൽ കൊയിലാണ്ടിക്കാർക്ക് കയറിപ്പറ്റാൻ നന്നായി വിയർക്കണം. എലത്തൂർ, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ നിർത്തുന്ന മെമു 8.02 ഓടെ കോഴിക്കോട് എത്തും.

തിരിച്ചു കോയമ്പത്തൂരിൽനിന്ന് വൈകീട്ട് 6.35-നാണ് കോഴിക്കോട് എത്തുക. രാവിലെയും വൈകീട്ടും ഒട്ടെറെ യാത്രക്കാർ ആശ്രയിക്കുന്ന വണ്ടിയാണിത്. മറ്റ് തീവണ്ടികളെ അപേക്ഷിച്ച് മെമുവിൽ സീറ്റുകൾ കുറവാണ്. നിന്നാണ് ഭൂരിപക്ഷം യാത്രക്കാരും യാത്ര ചെയ്യുന്നത്. മറ്റ് വണ്ടികളെ പോലെ ശൗചാലയങ്ങളും കോച്ചുകളിൽ കുറവാണ്. വിദ്യാലയങ്ങൾ തുറന്നതോടെ വലിയ തിരക്കാണ് വണ്ടികളിൽ അനുഭവപ്പെടുന്നത്. കോച്ചുകൾ വർധിപ്പിച്ച് യാത്രാദുരിതം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com