
കൊടുവള്ളി; മോഷണക്കേസ് പ്രതി ഒരു കിലോയിലേറെ കഞ്ചാവുമായി പിടിയിലായി. വൈത്തിരി ലക്കിടി അറമല ലക്ഷംവീട് കോളനിയിലെ മുരുകനെയാണു (30) താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡും കൊടുവള്ളി പൊലീസും ചേർന്നു പിടികൂടിയത്. കൊടുവള്ളി മാനിപുരം റോഡിൽ ഒതയോത്ത് അങ്ങാടിയിലുള്ള കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചു കഞ്ചാവു വിൽപന നടത്തുന്നതിനിടെയാണു പിടിയിലായത്. ഇയാളിൽ നിന്ന് 1.125 കിലോ കഞ്ചാവ് പിടികൂടി.
മൂന്നു കിലോ കഞ്ചാവ് എത്തിച്ചതായാണു പൊലീസിനു വിവരം ലഭിച്ചത്. ബാക്കിയുള്ള കഞ്ചാവ് ചെറിയ പൊതികളാക്കി വിൽപന നടത്തിയെന്നാണ് സൂചന. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങലക്കണ്ടിക്കു ലഭിച്ച വിവരത്തെ തുടർന്നു പ്രതി നിരീക്ഷണത്തിലായിരുന്നു. വയനാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മഞ്ചേരി സ്റ്റേഷനിലുമായി റജിസ്റ്റർ ചെയ്ത 10 കളവു കേസുകളിൽ മുരുകൻ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹൻ, ക്രൈം സ്‌ക്വാഡ് എസ്ഐമാരായ വി.കെ.സുരേഷ്, രാജീവ് ബാബു, പി.ബിജു, കൊടുവള്ളി സ്റ്റേഷനിലെ എസ്ഐമാരായ പി.പ്രകാശൻ, രഷ്മി, എഎസ്ഐമാരായ ടി.സജീവൻ, സതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ.ലിനീഷ്, റഹീം, പി.എ.സുനിൽ കുമാർ, സജിഷ, എ.ബി.ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു



