
താമരശ്ശേരി–പെരിന്തൽമണ്ണ റൂട്ടിൽ നിർത്തലാക്കിയ 2 ചേർത്തല സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ ഒരെണ്ണം ഇന്നലെ പുനഃസ്ഥാപിച്ചു. പുലർച്ചെ 4.10ന് ബത്തേരിയിൽ നിന്ന് പുറപ്പെട്ട് രാവിലെ താമരശ്ശേരി–അരീക്കോട് –പെരിന്തൽമണ്ണ റൂട്ടിലൂടെ കടന്നുപോയിരുന്ന ബസാണ് വീണ്ടും സർവീസ് തുടങ്ങിയത്.
കോവിഡിന് ശേഷം ആരംഭിക്കുകയും ജില്ലയിലെ മലയോര മേഖലയിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുകയും ചെയ്തിരുന്ന ബത്തേരി–ചേർത്തല സർവീസ് ഓഗസ്റ്റ് 31നാണ് നിർത്തലാക്കിയത്. ഇതു പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ യാത്രാ കൂട്ടായ്മകൾ നിവേദനം നൽകിയതിനെത്തുടർന്ന് മന്ത്രി പി.പ്രസാദ്, എംഎൽഎമാരായ നജീബ് കാന്തപുരം, ലിന്റോ ജോസഫ്, കെ സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ തലവൻ വി.എം.താജുദ്ദീൻ എന്നിവർ വിഷയത്തിൽ ഇടപെട്ടിരുന്നു.
തുടർന്നാണ് സർവീസ് വീണ്ടും തുടങ്ങാൻ കഴിഞ്ഞ ദിവസം തീരുമാനമുണ്ടായത്. ചേർത്തല ഡിപ്പോയുടെ സർവീസ് തിരൂർ–കോഴിക്കോട് റൂട്ടിലൂടെ ബത്തേരിയിലേക്കും പിറ്റേദിവസം പുലർച്ചെ തിരിച്ചും സർവീസ് നടത്തിയിരുന്നതിനാൽ ഒരേ സമയം ജില്ലയുടെ മലയോര–തീരദേശ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സർവീസ് ആണ്. ഇതേ റൂട്ടിൽ തന്നെയാണ് ഇപ്പോൾ വീണ്ടും സർവീസ് നടത്തുന്നത്. അതേസമയം മാനന്തവാടിയിൽ രാവിലെ പുറപ്പെട്ട് ഇതേ റൂട്ടിലൂടെ ഉച്ചയ്ക്ക് പോയിരുന്ന ബസ് വീണ്ടും തുടങ്ങാനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. ഈ ബസ് നിർത്തലാക്കിയതോടെ അരീക്കോട്–പെരിന്തൽമണ്ണ–തൃശൂർ റൂട്ടിൽ ഇപ്പോൾ പകൽ 6 മണിക്കൂറോളം ഒറ്റ ബസും ഇല്ലാത്ത സ്ഥിതിയാണ്.



