KOODARANCHINews

കൂമ്പാറയിൽ തോടുകൈയേറി സ്ലാബ് സ്ഥാപിച്ചതിനെച്ചൊല്ലി വിവാദം

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറയിൽ തോട് കൈയേറി കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചു. അങ്ങാടിയിലെ രണ്ടുകെട്ടിടങ്ങൾക്കിടയിലൂടെ ഒഴുകുന്ന തോടാണ് കൈയേറി നിർമാണപ്രവൃത്തി നടത്തിയത്. ഏതാണ്ട് അഞ്ചുമീറ്റർ നീളത്തിലാണ് കോൺക്രീറ്റ് സ്ലാബ് നിർമിച്ചത്.

റോഡ് സൗകര്യത്തിനായാണെത്രേയിത്.തെങ്ങുംകുന്ന് ഭാഗത്തുനിന്ന്‌ ഒഴുകി കൂമ്പാറപ്പുഴയിലേക്ക് ലയിച്ചുചേരുന്ന തോടാണിത്. വർഷകാലത്ത് സ്ഥിരം മലവെള്ളപ്പാച്ചിലുണ്ടാകാറുളള മേഖലയാണിത്. ഏതാനുംവർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ വൻനാശനഷ്ടമുണ്ടായിരുന്നു. കോൺക്രീറ്റ് സ്ലാബ് പണിതത് വർഷകാലത്ത് തോടിന്റെ സ്വാഭാവിക ഒഴുക്കുതന്നെ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കും. തോട് ഗതിമാറി ഒഴുകുന്നതിനുവരെ സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. റിയൽഎസ്‌റ്റേറ്റ് താത്പര്യമാണ് തോടുകൈയേറ്റത്തിന് പിന്നിലെന്നറിയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർമാണപ്രവൃത്തി നിർത്തിവെച്ചിട്ടുണ്ട്. നടപടിയാവശ്യപ്പെട്ട് ഷരീഫ് കുന്നുംപുറത്ത് എന്നയാൾ പഞ്ചായത്തിൽ പരാതി സമർപ്പിച്ചിട്ട് ആഴ്ചയായെങ്കിലും സ്ലാബ് ഇനിയും പൊളിച്ചുമാറ്റാത്തത് വിവാദമായിരിക്കുകയാണ്.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും നിർമാണപ്രവൃത്തി നിർത്തിവെക്കാൻ നിർദേശിക്കുകയും ചെയ്തതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിതങ്കച്ചൻ പറഞ്ഞു. തോട് പൂർവസ്ഥിതിയിലാക്കണമെന്നും സ്ലാബുകൾ നീക്കംചെയ്യാൻ അടിയന്തര നടപടികൾ വേണമെന്നും പരിസ്ഥിതിപ്രവർത്തകരായ കൂമ്പാറ സുബ്രഹ്മണ്യൻ, ഹംസ കടക്കാടൻ, കെ.കെ. നാസർ എന്നിവർ ആവശ്യപ്പെട്ടു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com