ENTERTAINMENT

സിദ്ധീഖ് എഴുതുന്നു…എന്റെ ഭ്രാന്തൻ ചിന്തകൾ-31

.തിരിഞ്ഞു നോട്ടം .. താടാകക്കരയിൽ ചെന്നിരുന്ന് ആ ജലനിരപ്പിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപസൗന്ദര്യം കണ്ടസ്വാദിക്കാറുണ്ടായിരുന്നു നാർസിസാസ്..നാർസിസാസ് മരിച്ചു..തടാകക്കരയിൽ വനദേവതമാർ പ്രത്യക്ഷപെട്ടു..തെളിനീർ നിറഞ്ഞു കിടന്നിരുന്ന ആ തടാകം ഉപ്പുരസമുള്ള ഒരു കണ്ണീർതടാകമായി മാറിയിരിക്കുന്നതായി അവർ കണ്ടു..”നീ എന്തിനാണ് കരഞ്ഞത്? “വനദേവതമാർ ചോദിച്ചു..”ഞാൻ നാർസിസാസിനു വേണ്ടിയാണ് കേഴുന്നത്”..തടാകം മറുപടി പറഞ്ഞു..”നീ നാർസിസാസിനു വേണ്ടി കേഴുന്നതിൽ അത്ഭുതമില്ല, കാട്ടിൽവെച്ച് ഞങ്ങൾ എല്ലായ്‌പോഴും പിന്തുടരുന്നുണ്ടായിരുന്നെങ്കിലും തൊട്ടരികിലിരുന്ന് അവന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിഞ്ഞിരുന്നത് നിനക്കുമാത്രമായിരുന്നല്ലോ?”..”പക്ഷേ .. അത്രയ്ക്ക് സുന്ദരനായിരുന്നോ നാർസിസാസ്?”..തടാകം ചോദിച്ചു.. ദേവതമാർ അതിശയത്തോടെ പറഞ്ഞു,”അത് നിന്നെക്കാൾ മാറ്റാർക്കാണ് കൂടുതൽ അറിയുക? നിന്റെ തീരത്തുവന്ന് കുനിഞ്ഞിരുന്നല്ലേ എന്നും അവൻ അവന്റെ രൂപസൗന്ദര്യം കണ്ടു രസിക്കാറുള്ളത്?”..തടാകം അല്പസമയത്തേക്ക് നിശബ്ദയായി. എന്നിട്ട് പറഞ്ഞു.”വാസ്തവം, ഞാൻ നാർസിസാസിനെ ഓർത്തു കരയുന്നുവെന്നത് ശരിതന്നെ.

പക്ഷെ, അവന്റെ സൗന്ദര്യം ഒരിക്കലും എന്റെ കണ്ണിൽ പെട്ടിട്ടില്ല. ഓരോ പ്രാവശ്യവും അവൻ ഇവിടെ എന്റെ കരയിൽ വന്നിരുന്നു മുട്ടുകുത്തി നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ എന്റെ സ്വന്തം സൗന്ദര്യത്തിന്റെ പ്രതിബിംബം കണ്ടു രസിച്ചിരുന്നത് ഇനി കഴിയില്ലല്ലോ എന്നോർത്താണത്”..(ആൽക്കമിസ്റ്റ്. പൗലോ കൊയ്‌ലോ ).. ഇത് വായിച്ചപ്പോൾ എന്റെ സൗന്ദര്യം മറ്റുള്ളവരുടെ മുഖത്തും മനസ്സിലും പ്രതിഫലിക്കുന്നതിനെപ്പറ്റിയായിരുന്നു ഞാൻ ചിന്തിച്ചത്..മറ്റുള്ളവരുടെ സന്തോഷത്തിലും അഭിവൃദ്ധിയിലും അസൂയപ്പെടുകയും, അവരുടെ ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും സന്തോഷിക്കുകയും ചെയ്തതുകൊണ്ടായിരിക്കാം എനിക്കെന്റെ സൗന്ദര്യത്തെ, കഴിവിനെ, അന്തസത്തയെ ആസ്വദിക്കാനോ തിരിച്ചറിയാനോ കഴിയാതെ പോയത്?..എന്റെ മാതാപിതാക്കളെ, പ്രായമായവരെ, ആഗ്രഹങ്ങളോ ആവശ്യങ്ങളോ ആസക്തിയോ ക്ഷയിച്ചു തുടങ്ങിയ അവർക്ക് സ്നേഹത്തോടെയുള്ള പരിചരണവും ചെറിയ കുശലന്വേഷണവും, വല്ലപ്പോഴുമുള്ള അവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുകയും ചെയ്താൽ മതിയായിരുന്നു..എനിക്കതിനു കഴിഞ്ഞില്ല. എന്റെ സുഖങ്ങളും താല്പര്യങ്ങളും ഇഷ്ടങ്ങളും നോക്കി അതിനാവശ്യമായ പണവും പദവിയും അധികാരവും തേടിയുള്ള ഓട്ടത്തിലായിരുന്നു..

പിന്നെയെങ്ങനെ അവരുടെ മുഖത്ത്, മനസ്സിൽ എന്റെ സൗന്ദര്യത്തിന്റെ പ്രതിബിബം ദർശിക്കാനാകും?..എന്റെ ഭാര്യ, എന്നും ചെറിയ ചെറിയ ആവശ്യങ്ങളെ ഉണ്ടായിരുന്നുള്ളു. അതുമതിയായിരിന്നു അവൾക്ക് സന്തോഷിക്കാൻ, അതുപോലും “ഇത്രയല്ലേയൊള്ളു പിന്നെയാക്കാം” എന്ന് പറഞ്ഞ് വളരെ നിസ്സാരമായി തള്ളിയിയിട്ട് അവളുടെ സന്തോഷത്തിന് ഭംഗം വരുത്തുന്ന എന്റെ സൗന്ദര്യം അവളുടെ മനസിലോ മുഖത്തോ എങ്ങിനെ പ്രതിഫലിക്കും?..എന്റെ മക്കളുടെ സുഹൃത്തായി അവരുടെ കൊച്ചു കൊച്ചു തെറ്റുകൾ ചൂണ്ടിക്കാട്ടി, “അതങ്ങനെല്ലേടാ, ഇങ്ങനെയല്ലെടീ” എന്നുപറഞ്ഞ് ശരിയായത് കാണിച്ചുകൊടുക്കാതെയും, മുതിർന്നപ്പോൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പണസാമ്പാധനവും ഉയർന്ന ജോലിയും മാത്രമല്ല, സ്വയം സംസ്ക്കരിച്ച് സംസ്ക്കാരസമ്പന്നനായി എന്തിനേയും ഏതിനേയും സ്നേഹിക്കാനും, സ്വയം ഉപകാരപ്പെട്ടും മറ്റുള്ളവർക്കുപകാരപ്പെട്ടും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും പറഞ്ഞുകൊടുക്കാതെ, എന്റെ പ്രതിരൂപമായി, സുഖങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി തിരക്കിട്ടോടുന്ന അവരുടെ മുഖത്ത് കാണാൻ പറ്റുമോ എന്റെ സൗന്ദര്യത്തിന്റെ പ്രതിബിംബത്തെ?..

സുഹൃത്തുക്കൾ, നാട്ടുകാർ, അവരുടെ സന്തോഷത്തിലും ഉയർച്ചയിലും അസൂയപൂണ്ട്, അവരുടെ താഴ്ച്ചയിലും ബുദ്ധിമുട്ടിലും ചെറുതായെങ്കിലും ഒന്നാനന്ദിച്ചിട്ട്, പ്രശ്നപരിഹാരത്തിന് ഒന്ന് ആഗ്രഹിക്കുക കൂടി ചെയ്യാത്ത, എന്റെ നാടിന്റെ ക്ഷേമത്തിനായി നാട്ടുകാർ ചെയുന്ന ഒരു പ്രവർത്തിയിലും പങ്കെടുക്കാത്ത, അതിനെ ഇകഴ്‌യ്ത്തി അതിനെതിരെ ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന, എന്റെ സൗന്ദര്യം, കൂട്ടുകാരുടെയോ, നാട്ടുക്കാരുടേയോ മുഖത്തോ, മനസിലോ, ചുറ്റുവട്ടത്തിലോ എനിക്ക് അറിയാൻ കഴിയുമോ?..ഇല്ല… കാലങ്ങങ്ങൾ ഒരുപാട് കടന്നുപോയി, വാർദ്ധക്യത്തിന്റെ അവസാന ഘട്ടത്തിലെത്തി..വാർദ്ധക്യത്തിന്റെ തുടക്കത്തിലെപ്പോഴോ, ആഗ്രഹങ്ങളും, ആസക്തിയുമൊക്കെ കുറഞ്ഞതുകൊണ്ടാകാം എന്റെ സൗന്ദര്യത്തിന്റെ താക്കോൽ, എന്റെയടുത്ത്, എന്റെയുള്ളിലാണെന്നു ഞാൻ മനസിലാക്കി തുടങ്ങിയിരുന്നു.. പതുക്കെ പതുക്കെ എല്ലാത്തിനെയും സ്നേഹിക്കാനും എന്തിന്റേയും ഏതിന്റേയും നല്ല വശം കാണാനും ഞാൻ ശീലിച്ചുതുടങ്ങി.. മറ്റുള്ളവരുടെ മുഖത്തും മനസ്സിലും എന്റെ സൗന്ദര്യത്തിന്റെ പ്രതിബിംബം പ്രതിഫലിച്ചു തുടങ്ങി.. ഈ ബോധോദയം എന്റെ കൗമാരത്തിലോ യാവ്വനത്തിലോ ഉണ്ടായിരുന്നെങ്കിൽ ഞാനിന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാന്മാരായ ആളുകളിൽ ഒരാളായേനേ..ഇപ്പോൾ വാർദ്ധക്യത്തിന്റെ ഏറ്റവും അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന എനിക്ക്, പരസഹായം കൂടാതെ നടക്കാനോ, ഇരിക്കാനോ കഴിയില്ലെങ്കിലും എന്റേയീയവസ്ഥയെ സ്നേഹിക്കാൻ കഴിയുന്നുണ്ട്. അതിലൂടെ എന്റെ മരണത്തേയും..Sidhique Patta….

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com