
കോഴിക്കോട് : പട്ടാപ്പകൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കി വാഹനം ഉൾപ്പെടെ കൊള്ളയടിച്ച 5 അംഗ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു വാഹനം പൊലീസ് കണ്ടെടുത്തു. പൂവാട്ടുപറമ്പ് സ്വദേശി ബിലാൽ ബക്കർ (28), കുന്നമംഗലം ആനപ്പാറ സ്വദേശി മുരളീധരൻ (26), മലാപ്പറമ്പ് സ്വദേശി അക്ഷയ് (24), നല്ലിക്കോട് സ്വദേശി സാഗേഷ് (30), എരഞ്ഞിപ്പാലം സ്വദേശി സജിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതിയായ കുന്നമംഗലം വരിട്ട്യാക്കിൽ സ്വദേശിയായ യുവാവിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ബിലാൽ ബക്കർ നേരത്തെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ടയാളാണ്.എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന് സമീപം കനാൽ റോഡിൽ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ചേളന്നൂർ അമ്പലത്തിൽ പറമ്പ് സ്വദേശി ഗോകുൽ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ 6 പേർ തടഞ്ഞ് നിറുത്തി മർദിച്ച് വീഴ്ത്തി സ്കൂട്ടറും പണമടങ്ങിയ പഴ്സും സമാർട്ട് വാച്ചും കവർച്ച ചെയ്തു രക്ഷപ്പെടുകയായിരുന്നു.പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കുറ്റകൃത്യങ്ങൾ പരിശോധിക്കുകയും ചെയ്തതാണ് തുമ്പായത്. പ്രതികൾ അരയിടത്തുപാലത്ത് എത്തിയ വിവരമറിഞ്ഞ് ഇന്നലെ പുലർച്ചെ 1.40 ന് രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു മൂന്നു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുന്നമംഗലത്തിനടുത്ത് മലയിൽ നിന്നും നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.ബി. കൈലാസ് നാഥ് എന്നിവരടങ്ങിയ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ നേരത്തെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.



