
കോഴിക്കോട്:നഗരത്തിൽ വൻ ലഹരിമരുന്നു വേട്ട; മൂന്നുപേർ പിടിയിൽ. 15 ലക്ഷത്തോളം രൂപ വിലവരുന്ന ന്യൂജൻ ലഹരി വസ്തുക്കൾ പിടികൂടി. പാലാഴി അത്താണിയിലെ അപാർട്മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്നു വിൽപന നടത്തിവന്ന വയനാട് മേപ്പാടി കിളിയമണ്ണ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ നൗഫൽ അലി (22), എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസും ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്നു പിടികൂടിയത്. ബിടെക് ബിരുദധാരികളായ ഇവർ പത്തു മാസത്തോളമായി പാലാഴിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഇവന്റ് മാനേജ്മെന്റ് ജോലികൾ ചെയ്തുവന്നിരുന്ന യുവാക്കൾക്ക് എവിടെനിന്നാണ് ലഹരിമരുന്ന് ലഭിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണം തുടങ്ങി.നഗരത്തിലെ വാടകവീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ലഹരിവിൽപന നടക്കുന്നതായി ഡൻസാഫിനു സൂചന ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജിൽനിന്ന് 5 ഗ്രാം ലഹരിമരുന്നുമായി അരീക്കോട് സ്വദേശിയായ യുവതിയും സൗത്ത് ബീച്ച് സ്വദേശിയായ യുവാവും പിടിയിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പാലാഴിയിൽ ലഹരിക്കച്ചവടം നടക്കുന്നതായി സൂചന ലഭിച്ചത്. തുടർന്ന് യുവാക്കൾ താമസിച്ച മുറിയിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്.
പിടികൂടിയത് മാരകലഹരി
മാരക രാസലഹരി മരുന്നായ 31.3 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 450 മില്ലിഗ്രാം വീതമുള്ള 35 എൽഎസ്ഡി സ്റ്റാംപുകൾ, 780 മില്ലിഗ്രാം എക്സ്റ്റസി പിൽ, 11.50 ഗ്രാം കഞ്ചാവ്, 3 മില്ലിഗ്രാം ഹഷീഷ് ഓയിൽ എന്നിവയും പിടികൂടി. ഇവയുടെ ആകെ വിപണിമൂല്യം 15 ലക്ഷത്തോളം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു.
ഡൻസാഫ് അസി. എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ.അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ടി. പ്രഭീഷ്, ശ്രീജിത്ത് കുമാർ, സിപിഒമാരായ എം.രഞ്ജിത്ത്, എൻ. സനൂജ്, പി.കെ. കിരൺ, ടി.കെ.ഹരീഷ് കുമാർ, വി.എം.സുബിൻ, ഡ്രൈവർ സിപിഒ കെ. വിഷ്ണു തുടങ്ങിയവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം ഡാൻസാഫിന്റെ നേതൃത്വത്തിൽ വൻ ലഹരിമരുന്ന് വേട്ടയാണ് സിറ്റി പൊലീസ് പരിധിയിൽ നടത്തിയത്. ആറു കേസുകളിലായി 300 ഗ്രാം എംഡിഎംഎ, 20 കിലോ കഞ്ചാവ്, 400 എൽഎസ്ഡി സ്റ്റാംപ്, 200 എക്സ്റ്റസി പിൽ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. 0.02 ഗ്രാം എൽഎസ്ഡിയോ 0.5 ഗ്രാം എംഡിഎംഎയോ കൈവശം സൂക്ഷിക്കുന്നത് 10 വർഷത്തോളം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.


