മദ്രസാധ്യാപകന്റെ സ്വർണവും പണവും തട്ടി, ഭാര്യയെയും മകനെയും മർദിച്ചെന്നും പരാതി; ‘സിദ്ധൻ’ അറസ്റ്റിൽ

പയ്യോളി∙ മദ്രസാധ്യാപകനെ കബളിപ്പിച്ച് ഏഴരപ്പവൻ സ്വർണവും രണ്ടേകാൽ ലക്ഷം രൂപയുമായി കടന്നു കളഞ്ഞെന്ന പരാതിയിൽ ‘സിദ്ധൻ’ പിടിയിലായി. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് കോഴിക്കോട്ട് പൊലീസിന്റെ പിടിയിലായത്. പയ്യോളിയിൽ മദ്രസാധ്യാപകനായ പാലക്കാട് സ്വദേശി ഇസ്മായിലിന്റെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് ഷാഫിയെ ട്രെയിൻ യാത്രയ്ക്കിടയിലാണ് ഇസ്മായിൽ പരിചയപ്പെട്ടത്.ചങ്ങാത്തം സ്ഥാപിച്ച മുഹമ്മദ് ഷാഫി പിന്നീട് ഇസ്മായിൽ വഴി കോടിക്കലിൽ മുറി തരപ്പെടുത്തി ചികിത്സയും മന്ത്രവാദവും നടത്തിയിരുന്നു. ഇതിനിടയിൽ ഇസ്മായിലിന്റെ വീട്ടിലെ അലമാരയിൽ നിന്ന് ഏഴരപ്പവന്റെ ആഭരണവും ഒന്നര ലക്ഷം രൂപയും അപഹരിച്ചതായാണു പരാതി. മുക്കാൽ ലക്ഷത്തോളം രൂപ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലപ്പോഴായി കൈപ്പറ്റിയതായും, ഭാര്യയെയും ഏഴു വയസ്സുള്ള മകനെയും മർദിച്ചതായും പരാതിയിൽ പറയുന്നു



