
തലശ്ശേരി : മണിമണി പോലെ ഇംഗ്ലീഷ് പറഞ്ഞ തലശ്ശേരിയിലെ ഇംഗ്ലീഷ് മറിയുമ്മ എന്ന് വിളിപ്പേരുള്ള മാളിയേക്കൽ മറിയുമ്മ ഇനി ഓർമ. മുസ്ലിം പെൺകുട്ടികൾക്ക് പഠിക്കുകയെന്നത് ആലോചിക്കാൻപോലും കഴിയാതിരുന്ന കാലത്താണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്
പ്രായമായിട്ടും ഇംഗ്ലീഷ് സംസാരിക്കുകയും ദിവസവും ഇംഗ്ലീഷ് പത്രം വായിക്കുകയും ചെയ്യും. നൂറിലേറെ വർഷം പഴക്കമുള്ള മാളിയേക്കൽ തറവാടിന് സമീപം മകൾ ആയിഷക്കൊപ്പമായിരുന്നു മറിയുമ്മയുടെ താമസം. മറിയുമ്മയെ സ്നേഹത്തോടെ പലരും ഇംഗ്ലീഷ് മറിയുമ്മയെന്നാണ് വിളിക്കാറ്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ അവർ സഹിച്ച ത്യാഗം ഏറെയാണ്.
തലശ്ശേരി കോൺവെന്റ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ഒ.വി.റോഡിലെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവും കേൾക്കേണ്ടിവന്നിട്ടുണ്ട്. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോൾ കോൺവെന്റിൽ തന്നെ പ്രാർഥനയ്ക്കും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കി. 1938-1943 കാലത്ത് കോൺവെന്റ് സ്കൂളിലെ ഏക മുസ്ലിം പെൺകുട്ടിയായിരുന്നു മറിയുമ്മ.
വിവാഹശേഷം പഠിക്കാൻ ഭർത്താവ് വി.ആർ.മായിനലിയും പ്രോത്സാഹിപ്പിച്ചു. മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസറായിരുന്നു മായിനലി. ഫിഫ്ത്ത് ഫോറത്തിൽ പഠിക്കുമ്പോൾ 1943-ലായിരുന്നു വിവാഹം.
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് എം.ഇ.എസ്. യോഗത്തിൽ ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തിൽ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ മറിയുമ്മയ്ക്ക് അവസരം ലഭിച്ചിരുന്നു. മുസ്ലിം പെൺകുട്ടി ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ചരിത്രസംഭവമായിരുന്നു.



