KERALA NEWSLOCAL NEWS

ത്യാഗസ്മരണകളോടെ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു

കോഴിക്കോട്: സഹനത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. കനത്ത മഴയിലും വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും എത്തി.

പെരുന്നാളിനോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക നമസ്‌ക്കാരം നടന്നു. മഴയായതുകൊണ്ട് പൊതു മൈതാനങ്ങളിൽ ഇത്തവണ ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നില്ല. പകരം ഓഡിറ്റോറിയങ്ങളിലും സ്‌കൂളുകളിലുമൊക്കെയാണ് ഈദ്ഗാഹ് നടന്നത്. പെരുന്നാളിന്റെ സന്ദേശമായ സ്‌നേഹം, കാരുണ്യം, ദയ, സഹകരണം, സമർപ്പണം, ത്യാഗം തുടങ്ങിയ ഗുണങ്ങൾ ജീവിതത്തിൽ പകർത്തി മുന്നോട്ടുപോകണമെന്ന് ഖാസിമാർ ആഹ്വാനം ചെയ്തു.

ബലിപെരുന്നാൾ ദിവസം കോഴിക്കോട് ബീച്ച്

പാളയം മൊയ്തീൻപള്ളിയിൽ നടന്ന പെരുന്നാൾ നമസ്‌ക്കാരത്തിന് പള്ളി ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകി. കുറ്റിച്ചിറ മിശ്ക്കാൽ പള്ളി, ജമാ അത്ത് പള്ളി, പട്ടാളപ്പള്ളി, ചെറൂട്ടി റോഡ് എം.എസ്.എസ്. മസ്ജിദ്, മാത്തോട്ടം എ .എൽ.പി സ്‌കൂൾ, പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപം എന്നിവിടങ്ങളിലെല്ലാം പെരുന്നാൾ നമസ്‌ക്കാരം നടത്തി. പുതിയറ സലഫി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് കെ.വി. അബ്ദുൾലത്തീഫ് മൗലവി നേതൃത്വം നൽകി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ തുടങ്ങിയവരെല്ലാം ബലിപെരുന്നാൾ ആശംസകൾ നേർന്നു.പള്ളികളിൽ ഈദ് നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം പരസ്പരം ആശ്ലേഷിച്ചും ആശംസകൾ കൈമാറിയുമാണ് വിശ്വാസികൾ ആഘോഷിച്ചത്. പ്രാർത്ഥനയ്ക്കു ശേഷം എല്ലാവരും വീട്ടിൽ ഒത്തുകൂടി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ചും തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി മൃഗബലിയർപ്പിച്ചും വിശ്വാസികൾ ബലിപെരുന്നാൾ ആചരിച്ചു.പലയിടങ്ങളിലും കനത്ത മഴ ആഘോഷത്തെ വീടുകളിലേക്ക് ഒതുക്കി. വൈകീട്ട് കുടുംബത്തോടൊപ്പം ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജനങ്ങൾ ഒഴുകിയെത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com