
കോഴിക്കോട് : ജനുവരി ഒന്നുമുതൽ ഡിസംബർ 27-വരെ കോഴിക്കോട് ബൈപ്പാസിലുണ്ടായത് 25 അപകടങ്ങൾ. രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള 28 കിലോമീറ്റർ ദൂരത്തിൽ 25 അപകടങ്ങളിലായി 31 യാത്രക്കാരാണ് മരിച്ചത്. ഇതിൽ 16 പേരും ബൈക്ക് യാത്രക്കാരാണ്. കാർ, ടെമ്പോ, മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെട്ട് 11 പേരും കാൽ നടയാത്രക്കാരും സൈക്കിൾ യാത്രക്കാരുമായ നാലുപേരുടെ ജീവനുകളുമാണ് ഈ പാതയിൽ പൊലിഞ്ഞത്.
2022 ജനുവരി മൂന്നിന് മാമ്പുഴ പാലത്തിനുസമീപം കണ്ടെയ്നർ ലോറിയിടിച്ച് ബൈക്കുയാത്രക്കാരൻ മരണപ്പെട്ടതാണ് ആദ്യ അപകടം. ജനുവരിയിൽ ബൈപ്പാസിൽ ഏഴ് അപകടങ്ങളിലായി എട്ടുപേരാണ് മരിച്ചത്. ഫെബ്രുവരിമാസത്തിൽ മൂന്ന് അപകടങ്ങളിൽ ഏഴുപേരും മരിച്ചു. പിന്നീടുള്ളമാസങ്ങളിൽ ശരാശരി രണ്ടുവീതം അപകടങ്ങൾ നടന്നു. അപകടങ്ങളിൽ മിക്കതിന്റെയുംകാരണം അശ്രദ്ധമായ ഡ്രൈവിങ്ങും അതി വേഗതയുമായിരുന്നു. മരിച്ച ബൈക്ക് യാത്രക്കാർ 45 വയസ്സിനു താഴെയുള്ളവരായിരുന്നു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരോ പോലീസ് അധികാരികളോ അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടികളൊന്നും എടുക്കുന്നില്ല.ബൈപ്പാസ് ആറുവരിയാക്കുന്ന പ്രവൃത്തി തുടങ്ങിയതോടെ മിക്കപ്പോഴും തൊണ്ടയാട് മുതൽ രാമനാട്ടുകരവരെ ഗതാഗത ക്കുരുക്കാണ്. ഹൈ ലൈറ്റ് മാൾ, പന്തീരാങ്കാവ് എന്നിവിടങ്ങളിൽ മേൽപ്പാലം നിർമാണം തുടങ്ങിയത് മൂലം ഒരുവാഹനത്തിന് സഞ്ചരിക്കാനുള്ള സൗകര്യമേയുള്ളൂ. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കാനും പോലീസ് ശ്രമിക്കുന്നില്ല.
വർഷങ്ങൾക്കുമുമ്പ് ബൈപ്പാസിൽ വാഹന അപകടം വർധിച്ചപ്പോൾ സ്ഥിരം അപകട മേഖലകൾ കണ്ടെത്തി റോഡിൽ അടയാളങ്ങൾ സ്ഥാപിച്ചിരുന്നു. തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള നടപടിയൊന്നും അധികൃതർ സ്വീകരിക്കുന്നില്ല



