
കോഴിക്കോട് : നിരത്തിവെച്ച മൂർച്ചയുള്ള കത്തികളുടെ മുകളിൽ കിടക്കുന്നയാളുകൾ, ഉയരമുള്ള പൈപ്പിന്റെ മുകളിൽ ഉയർന്നും കൈകൾവിട്ടും തലകീഴായും ആടുന്ന എത്യോപ്യൻ കലാകാരന്മാർ, റഷ്യൻ സുന്ദരിമാരുടെ വളയങ്ങൾകൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ, വിവിധയിനം നായകളുടെ അഭ്യാസപ്രകടനങ്ങൾ. അങ്ങനെ നീളുന്നു ബീച്ചിലെ ബോംബെ സർക്കസ് കാഴ്ചകൾ.അദ്ഭുതവും ആശ്ചര്യവും ഓരോ നിമിഷവും കാഴ്ചക്കാരിൽ നിറയ്ക്കുകയാണ് സർക്കസ് കാഴ്ചകൾ.
മണിപ്പൂരിൽ നിന്നുള്ള കലാകാരന്മാരുടെ കത്തികൊണ്ടുള്ള പ്രകടനങ്ങൾ ശ്വാസം അടക്കിപ്പിടിച്ചല്ലാതെ കാണാനാവില്ല. ഹൈദരാബാദിലെ കലാകാരൻ ബോളുകൾകൊണ്ടും തൊപ്പികൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ തീർത്തുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടക്ക് വന്ന് തമാശകൾ കാണിക്കുന്ന കോമാളികൾ കാഴ്ചക്കാരിൽ ചിരി പടർത്തിക്കൊണ്ടേയിരിക്കും.ഉയരത്തിൽ കെട്ടിത്തൂക്കിയ തുണിയിൽ കലാപ്രകടനം നടത്തുന്നവരും കൈയടി നേടുന്നുണ്ട്. പ്രകടനങ്ങൾക്കൊപ്പമുള്ള വർണവെളിച്ചങ്ങളും തമ്പിന് പ്രത്യേക ഭംഗി നൽകുന്നു. ഒന്ന്, നാല്, ഏഴുമണി എന്നിങ്ങനെ ദിവസവും മൂന്നു പ്രദർശനങ്ങളാണുള്ളത്



