
കുന്ദമംഗലം: കാരന്തൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷം കാരന്തൂർ തുറയിൽ കടവിന് സമീപം ദേശീയപാതയിലാണ് അപകടം.
ചെലവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ ഭരതൻ ബസാർ സ്വദേശി ജംഷീറിന് ഗുരുതര പരിക്കേറ്റു.
ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശി സലീമും ഭാര്യയും കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബൈക്കിൽ ഇടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് നിന്നത്.അപകടം നടന്നത് ചേവായൂർ സ്റ്റേഷൻ പരിധിയിലാണെങ്കിലും കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



