KERALA NEWSLOCAL NEWS

സ്വകാര്യ വഴികൾക്ക് കുറുകെ വൈദ്യുതലൈൻ വലിക്കുമ്പോൾ ചട്ടങ്ങൾ പാലിച്ച രേഖ സൂക്ഷിക്കണം: വിവരാവകാശ കമ്മിഷൻ

സ്വകാര്യ വ്യക്തികളുടെ നടവഴികൾ, റോഡുകൾ തുടങ്ങിയവയ്ക്ക് കുറുകെ വൈദ്യുതലൈൻ വലിക്കുമ്പോൾ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും അതിൻ്റെ രേഖകൾ ഫയലിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വൈദ്യുതി ബോഡ് മാനേജിംഗ് ഡയറക്ടറോട് സംസ്ഥാന വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. കോഴിക്കോട് കോവൂർ ഇലക്ട്രിക്കൽ സെക്ഷനിൽ പി.ദീപ്തി രാജ് സമർപ്പിച്ച വിവരാവകാശ അപേക്ഷ ഹിയറിംഗിൽ തീർപ്പാക്കവേ കമ്മിഷണർ എ.അബ്ദുൽ ഹക്കിമാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതി തേടാതെ ലൈൻ വലിച്ചത് സംബന്ധിച്ച് ദീപ്തി രാജിൻ്റെ പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തി മാർച്ച് 31നകം കമ്മീഷന് രേഖ ലഭ്യമാക്കാനും നിർദ്ദേശിച്ചു.

നടുവണ്ണൂർ ഹയർ സെക്കഡറി സ്‌കൂളിൽ 2021 ജൂൺ 30 ന് നടന്ന ജ്യോഗ്രഫി പ്രാക്ടിക്കൽ പരീക്ഷയിലെ ഉത്തരകടലാസുകൾ മുദ്രവച്ച കവറിൽ കമ്മിഷൻ ആസ്ഥാനത്ത് മാർച്ച് ഏഴിന് ഹാജരാക്കണo.

പത്തനംതിട്ട സ്വദേശി പി.ശശിധരൻ ആവശ്യപ്പെട്ട വിവരങ്ങൾ നല്കാനായി മാനന്തവാടി ഡി വൈ എസ് പി, സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ തെളിവെടുപ്പിനായി ഹാജരാകാത്തതിനെ തുടർന്ന് കമ്മിഷൻ ആസ്ഥാനത്തേക്ക് സമൻസ് അയച്ച് മാർച്ച് ഏഴിന് ഹാജരാകാൻ ഉത്തരവിട്ടു. ക്ഷീര വികസന വകുപ്പിൽ വിവരാവകാശ ഓഫീസറായി ഫീഡർ കാറ്റഗറിക്കാരെ നിയമിച്ചത് പുന:പരിശോധിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ അഡ്വ.പാലത്ത് ഇമ്പിച്ചിക്കോയ ആവശ്യപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരമുള്ള തുക മാത്രം ഈടാക്കി ഫെബ്രുവരി 28 നകം നല്കണമെന്നും കമ്മിഷണർ ഹക്കിം ഉത്തരവായി.

കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ 2020ലെ പ്രകൃതിദുരന്ത നിവാരണ അപേക്ഷയിൽ വിവരം ലഭ്യമാക്കാതിരുന്ന ഓഫീസർക്കെതിരെ നിയമം 20 (1) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നല്കും. സിറ്റിംഗിൽ 18 രണ്ടാം അപ്പീൽ പരാതികൾ കമ്മിഷൻ തീർപ്പാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com