
ഓമശ്ശേരി:പഞ്ചായത്ത് പ്രദേശങ്ങളിലെ പാതയോരങ്ങൾ,ട്രാഫിക് ഐലന്റുകൾ,തെരുവുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും ഹോർഡിംഗുകളുമുൾപ്പടെയുള്ളവ ഈ മാസം 28നുള്ളിൽ നീക്കം ചെയ്യാൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
ജനപ്രതിനിധികളും പോലീസ്,പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.കേരള ഹൈക്കോടതിയുടെ നിരന്തരമുള്ള കർശന നിർദ്ദേശത്തെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തത്.നിയമവിരുദ്ധമായ എല്ലാ ബോർഡുകളും കൊടികളും ബാനറുകളും മറ്റും നിശ്ചിത തിയ്യതിക്കകം നീക്കം ചെയ്തില്ലെങ്കിൽ അവ സ്ഥാപിച്ച വ്യക്തികൾക്കും സംഘടനകൾക്കും ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിയമ നടപടി നേരിടേണ്ടി വരും.
ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ച് ബോർഡുകളും ബാനറുകളും പതാകകളും പഞ്ചായത്തിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന പരസ്യ ഏജൻസികളുടേയും സ്ഥാപനങ്ങളുടേയും ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അനധികൃതമായി സ്ഥാപിച്ചവ നീക്കം ചെയ്യുന്നതുൾപ്പടെയുള്ള പ്രവർത്തങ്ങൾ നടക്കുക.ജില്ലാ തലത്തിൽ രൂപവൽക്കരിച്ച മോണിറ്ററിംഗ് കമ്മിറ്റി പഞ്ചായത്ത് തല സമിതിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
യോഗത്തിൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ നന്ദിയും പറഞ്ഞു.കോടഞ്ചേരി എസ്.ഐ.അഭിലാഷ് കെ.സി,കൊടുവള്ളി പി.ഡബ്ലിയു.ഡി.എ.ഇ ഷാനവാസ് വി.എ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധു സൂദനൻ എന്നിവർ പ്രസംഗിച്ചു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.വി.സ്വാദിഖ്,മുനവ്വർ സാദത്ത് പുനത്തിൽ(മുസ്‌ലിം ലീഗ്),വി.സി.അരവിന്ദൻ(കോൺഗ്രസ്),കെ.സി.അബ്ദുൽ റഹ്മാൻ(സി.പി.എം),പി.വി.അബൂബക്കർ(സി.പി.ഐ),ടി.ശ്രീനിവാസൻ(ബി.ജെ.പി),ഒ.പി.അബ്ദുൽ റഹ്മാൻ(ഐ.എൻ.എൽ),ബേബി മഞ്ചേരിൽ(എൽ.ജെ.ഡി),അബു മൗലവി അമ്പലക്കണ്ടി(സമസ്ത),ബഷീർ ആനിക്കോത്ത്(എസ്.വൈ.എസ്),ഇ.കെ.മുജീബുറഹ്മാൻ(കെ.എൻ.എം),എ.കെ.അബ്ദുല്ല,സത്താർ പുറായിൽ(വ്യാപാരി വ്യവസായി ഏകോപന സമിതി),പി.സുനിൽ കുമാർ(വ്യാപാരി വ്യവസായി സമിതി),അഷ്‌റഫ് കൂടത്തായി(എസ്.ടി.യു),അഷ്‌റഫ് ഓമശ്ശേരി(യൂത്ത് ലീഗ്),മുഹമ്മദ് ഇഖ്ബാൽ പുറായിൽ(യൂത്ത് കോൺഗ്രസ്),കെ.മുഹമ്മദ് റഈസ് (ഡി.വൈ.എഫ്.ഐ),യു.കെ.മുഹമ്മദ് ഷാഹിദ്(എം.എസ്.എഫ്),വി.കെ.മുഹമ്മദ് ഉവൈസ്(എസ്.എസ്.എഫ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു



