LOCAL NEWS

വാഹന വകുപ്പിന്റെ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

രാമനാട്ടുകര :ഗതാഗത നിയമലംഘനം തടയാൻ മോട്ടർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ 94 വാഹനങ്ങൾക്കെതിരെ കേസെടുത്തു. 1.27 ലക്ഷം രൂപ പിഴ ചുമത്തി.

ജിപിഎസ് ഘടിപ്പിക്കാതെ കോഴിക്കോട്–വഴിക്കടവ് റൂട്ടിലോടുന്ന ഫ്ലവേഴ്സ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത 5 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാനും ബൈക്കുകളിൽ മൂന്നു പേരുമായി യാത്ര നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാനും ജോയിന്റ് ആർടിഒയ്ക്ക് ശുപാർശ ചെയ്തു.ഫറോക്ക് സബ് ആർടി ഓഫിസ്, കോഴിക്കോട് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ ഫറോക്ക്, രാമനാട്ടുകര, ഫാറൂഖ് കോളജ് മേഖലയിലായിരുന്നു പരിശോധന. കോഴിക്കോട് നിന്നു മലപ്പുറത്തേക്കും പാലക്കാട്ടേക്കും പോകുകയായിരുന്ന കെഎസ്ആർടിസി ബസുകൾ പരിശോധിച്ചപ്പോൾ 2 എണ്ണത്തിനു വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ലെന്നു കണ്ടെത്തി.

കേസ് റജിസ്റ്റർ ചെയ്തു. ബസുകൾ വേഗപ്പൂട്ട് ഘടിപ്പിച്ചു ഹാജരാക്കാൻ നിർദേശം നൽകി വിട്ടയച്ചു.ബസുകളിൽ വേഗപ്പൂട്ട്, എയർ ഹോൺ, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച മെറ്റൽ ബംപർ, കളർ ലൈറ്റുകൾ, ഹൈബീം ലൈറ്റുകൾ, അമിത സൗണ്ട് ബോക്സുകൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഇരുചക്ര വാഹനങ്ങളിൽ രൂപമാറ്റം വരുത്തൽ, അമിത ശബ്ദവും വായുമലിനീകരണവും സൃഷ്ടിക്കുന്ന സൈലൻസർ, അതിതീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ഹെഡ് ലൈറ്റുകൾ, ഹാൻഡിൽ ബാർ മാറ്റിയത്, നമ്പർ പ്ലേറ്റ് എന്നിവയാണു പരിശോധിച്ചത്.ചുങ്കത്തെ നാഷനൽ വാഹന പുക പരിശോധന കേന്ദ്രത്തിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശിച്ചു. വാഹനങ്ങളുടെ നിയമലംഘനത്തിനെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ജോയിന്റ് ആർടിഒ സാജു എ.ബക്കർ അറിയിച്ചു. പരിശോധനയ്ക്ക് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അബ്ദുൽ ജലീൽ, എഎംവിഐമാരായ അജിത് ജെ.നായർ, ഡി.ശരത്, പി.പി.പ്രവീൺ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com