LOCAL NEWS

ഷാറുഖ് സെയ്ഫി മെഡി.കോളജിലെ പൊലീസ് സെല്ലിൽ; കനത്ത സുരക്ഷ

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യ പരിശോധനയ്ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് കനത്ത സുരക്ഷയിൽ. രാവിലെ 11.10നു മെഡിക്കൽ കോളജിൽ എത്തിച്ച പ്രതിയെ വിശദ പരിശോധനയ്ക്കു ശേഷം വൈകിട്ടോടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രക്ത പരിശോധനാ ഫലത്തിൽ കരളിന്റെ പ്രവർത്തനത്തിൽ തകരാർ കണ്ടതോടെയാണ് കിടത്തിച്ചികിത്സിക്കാൻ തീരുമാനിച്ചത്.

അഡീഷനൽ സൂപ്രണ്ട് ഡോ. കെ.പി.സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന ഏകോപിപ്പിച്ചത്. വൈകിട്ട് നാലോടെ എഡിജിപി എം.ആർ.അജിത് കുമാർ, സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണ എന്നിവർ മെഡിക്കൽ കോളജിലെത്തി സുരക്ഷ വിലയിരുത്തി. പിന്നീട് അതീവ സുരക്ഷയോടെ പൊലീസ് സെല്ലിലേക്കു മാറ്റി. പിഎംഎസ്എസ്‌‌വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ പരിശോധിക്കാനായിരുന്നു ആദ്യ ക്രമീകരണം.

ഇവിടെ സിടി സ്കാൻ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതും അത്യാഹിത വിഭാഗത്തിലെ തിരക്കും കണക്കിലെടുത്ത് കൊണ്ടുവരുന്നത് ഒഴിവാക്കി. പിന്നീട് മോർച്ചറിക്കു സമീപത്തു നിന്നു കോളജിലേക്കുള്ള ഇടറോഡിലൂടെ കൊണ്ടുവന്നു നേരെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

ഇതിനായി ഇവിടെ അടച്ചിട്ട ഗേറ്റ് പൊലീസിന്റെ നിർദേശത്താൽ തുറന്നു. അസിസ്റ്റന്റ് കമ്മിഷണർമാരായ കെ.സുദർശൻ, പി.ബിജുരാജ്, എ.ഉമേഷ്, എം.പി.സുനിൽ കുമാർ, ഇൻസ്പെക്ടർമാരായ കെ.കെ.ബിജു, പി.കെ.ജിജേഷ്, എം.എൽ.ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com