KERALA NEWS

‘റീൽസ് ഭ്രാന്ത്’: സലിം കുമാറിന്റെ വിയോഗത്തിനിടയിലെ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധം ശക്തം: ഒമാക്

കോഴിക്കോട്: ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന വ്യാജേന മൊബൈൽ ക്യാമറകളുമായി മരണവീടുകളിൽ വരെ തള്ളിക്കയറി റീൽസുകളും വീഡിയോകളും ചിത്രീകരിക്കുന്നവർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഒരുവിഭാഗം ആളുകൾ കാട്ടിക്കൂട്ടിയ അൽപത്തരങ്ങളാണ് ഇപ്പോൾ വലിയ വിവാദത്തിനും ജനരോഷത്തിനും കാരണമായിരിക്കുന്നത്. ഔചിത്യബോധമില്ലാതെ റീച്ചിന് വേണ്ടി മാത്രം ക്യാമറകളുമായി ഇക്കൂട്ടർ നടത്തിയ കടന്നുകയറ്റത്തിനെതിരെ നാടെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈക്കുകളും വ്യൂസും കൂട്ടാൻ വേണ്ടി മാത്രം മൊബൈൽ ഫോണും പിടിച്ച് ഇറങ്ങിയിരിക്കുന്ന ഇത്തരം കണ്ടന്റ് ക്രിയേറ്റർമാരെ പൊതുഇടങ്ങളിൽ നിന്നും ചടങ്ങുകളിൽ നിന്നും പൂർണ്ണമായും അകറ്റിനിർത്തണമെന്ന് കേരളത്തിലെ രജിസ്ട്രേഡ് ഓൺലൈൻ മാധ്യമ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് ആവശ്യപ്പെട്ടു.

ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന ‘ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്’ പൂർണമായും പാലിച്ചുകൊണ്ട് പ്രൊഫഷണലായി പ്രവർത്തിക്കുന്ന യഥാർത്ഥ ഓൺലൈൻ മാധ്യമരംഗത്തിന് കൂടി ഇത്തരം തരംതാണ പ്രവർത്തികൾ മൂലം പൊതുസമൂഹത്തിന് മുന്നിൽ പഴികേൾക്കേണ്ടി വരുന്നുവെന്ന് ഒമാക് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

മരണവീടുകളിലെ അന്തരീക്ഷത്തെപ്പോലും വിപണനച്ചരക്കാക്കുന്ന ഇത്തരം റീൽസ് സംസ്‌കാരത്തിനെതിരെ സർക്കാർ തലത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ഒമാക് ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

യോഗത്തിൽ ഒമാക് ഭാരവാഹികളായ പ്രസിഡന്റ് ഹബീബി, സെക്രട്ടറി ശമ്മാസ് കത്തറമ്മൽ, ട്രഷറർ തൗഫീഖ് പനാമ, എക്സ്ക്യൂട്ടീവ് അംഗങ്ങളായ ബഷീർ പി.ജെ, പ്രകാശ് മുക്കം, അർഷദ് നരിക്കുനി, ഇബ്രാഹിം കാരാട്ട്, സഹല സലാഹുദീൻ, പ്രതിഷ് ഉദയൻ, റാഫി മാനിപുരം, ഹാരിസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com