
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുപോകാൻ പ്രത്യേക കവാടം തുറന്നു. മോർച്ചറിക്ക് തെക്കുഭാഗത്തായാണ് പുതിയ വാതിൽ സജ്ജീകരിച്ചത്. ഇതോടൊപ്പം ആംബുലൻസ് ബേ, ഇരിപ്പിടസൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
മോർച്ചറിയിലെത്തുന്ന ആളുകൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് പരിഹാരമായി കൊയിലാണ്ടി മുൻ എം.എൽ.എ. എം. ദാസന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 18 ലക്ഷം ചെലവിൽ മോർച്ചറിക്കു മുന്നിൽ ആളുകൾക്ക് ഇരിക്കാനും പോലീസ് ഇൻക്വസ്റ്റ് നടപടിക്രമങ്ങൾക്കുള്ള മുറിയുമുൾപ്പെടെ സൗകര്യമൊരുക്കിയിരുന്നു. അതോടൊപ്പംതന്നെ പുതിയ കവാടം നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തകാരണം തടസ്സപ്പെടുകയായിരുന്നു. പിന്നീട് രണ്ടരലക്ഷത്തിന്റെ ഫണ്ട് കണ്ടെത്തിയാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.



