
കോടഞ്ചേരി : പൊള്ളുന്ന ചൂടിൽനിന്നും കാടിന്റെ ശീതളച്ഛായ തേടി സഞ്ചാരികൾ സകുടുംബം എത്തിയപ്പോൾ തുഷാരഗിരി തിരക്കിൽ വീർപ്പുമുട്ടി. ഞായറാഴ്ച മാത്രം ഇവിടെ എത്തിയത് 2900 പേർ. പ്രവേശനഫീസനത്തിൽ മാത്രം ലഭിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ.ഫെസിലിറ്റേഷൻ സെന്ററിന്റെ പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞ്, വാഹനങ്ങൾ ഒരു കിലോമീറ്ററോളം ദൈർഘ്യത്തിൽ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്തു. ഇത് അല്പനേരം ഗതാഗതക്കുരുക്കിനിടയാക്കി.
പെരുന്നാളിന്റെ അവധിദിനങ്ങൾ മുന്നിൽക്കണ്ട് കച്ചവടക്കാർ കൂടുതൽ സാധനങ്ങൾ കരുതിയെങ്കിലും ഹോട്ടലുകൾ ഉൾപ്പെടെ തിരക്കിൽ കാലിയായി. കാനനയാത്ര മൂന്നുമണിക്ക് അവസാനിപ്പിച്ചു.ചാലിപ്പുഴ വറ്റിയതോടെ വെള്ളച്ചാട്ടങ്ങൾ നിലച്ചെങ്കിലും സഞ്ചാരികൾ കുറയുന്നില്ല. ഒന്നാം വെള്ളച്ചാട്ടത്തിന് താഴെ പ്രകൃതിയൊരുക്കിയ തടാകത്തിൽ മുങ്ങിക്കുളിക്കാൻ സഞ്ചാരികളുടെ തിരക്കായിരുന്നു. അവധിദിനങ്ങളിൽ തുഷാരഗിരിയിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ വേണ്ടത്ര ഗൈഡുകളും ജീവനക്കാരും ഇവിടെയില്ല.
വനസംരക്ഷണ സമിതിയുടെ കീഴിലുള്ള 15 പേർ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുമ്പോൾ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് ഏരിയ എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാരുടെ കുറവുണ്ടായി.ഡി.ടിപി.സി.യുടെ കീഴിൽ പാർക്കിങ്ങിന് പരിമിതസൗകര്യമേ ഉള്ളൂ. ഡി.ടി.പി.സി. കരാർ നൽകി ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ രണ്ടുമാസമായി അടച്ചിട്ടിരിക്കയാണ്. കൂടുതൽസ്ഥലം കണ്ടെത്തി പാർക്കിങ്ങിന് മതിയായ സൗകര്യമൊരുക്കണമെന്നും അടച്ചിട്ടിരിക്കുന്ന ഹോട്ടൽ തുറന്നുപ്രവർത്തിക്കണമെന്നും വിനോദസഞ്ചാരികൾ ആവശ്യപ്പെടുന്നു



