LOCAL NEWS

ആഘോഷപ്പൊലിമയിൽ ആദ്യയാത്ര: ആഹ്ലാദത്തിമർപ്പിൽ വന്ദേഭാരത്

പൂക്കളും വാദ്യഘോഷവും ആഹ്ലാദാരവങ്ങളും വന്ദേഭാരത് വന്നുനിന്ന റെയിൽവേ സ്റ്റേഷനുകളിൽ മാത്രമായിരുന്നില്ല. തീവണ്ടിയിൽ ആദ്യയാത്രയ്ക്ക് അവസരംകിട്ടിയ ആളുകളുടെ ഉള്ളിലും പൂരപ്പൊലിമയോടെ ആഹ്ലാദം നിറയുകയായിരുന്നു. അകത്തും പുറത്തും ആഘോഷംനിറഞ്ഞ ആദ്യയാത്ര അവിസ്മരണീയമെന്ന് യാത്രികർ.കോഴിക്കോട് സ്റ്റേഷനിൽ കുതിച്ചെത്തി സ്വീകരണം ഏറ്റുവാങ്ങി കൃത്യം പത്തുനിമിഷത്തിനുശേഷം വൈകീട്ട് 6.35-ന് വന്ദേഭാരത് കാസർകോട്ടേക്കുള്ള യാത്ര തുടർന്നു.

കോഴിക്കോട്ടെ സ്വീകരണം ഗംഭീരമാക്കാൻ ചെറുമഴയും കൂട്ടിനെത്തി. ശീതീകരിച്ച തീവണ്ടിമുറിയിൽനിന്ന് സ്ഫടിക ജനലുകളിലൂടെ പുറത്തേക്കുനോക്കുമ്പോൾ പിന്നിൽ പാഞ്ഞു മായുന്ന കോഴിക്കോടൻ കാഴ്ചകൾക്ക് ഇതുവരെയില്ലാത്തൊരു ഭംഗി.കോരപ്പുഴയും മയ്യഴിപ്പുഴയുമൊക്കെ കടന്ന് തലശ്ശേരിയിലെത്തിയപ്പോൾ വാദ്യഘോഷങ്ങളും പൂക്കളും അഭിവാദ്യമുദ്രാവാക്യങ്ങളുമായി ഗംഭീര സ്വീകരണം. ഇനിയുള്ള യാത്രകളിൽ നിർത്താതെപോകുന്ന സ്റ്റേഷനാണ് തലശ്ശേരി. ആ പരിഭവമൊന്നും കാട്ടാതെ, സ്നേഹോഷ്മളമായ വരവേൽപ്പ് !.കോഴിക്കോട്ടുനിന്ന് ആദ്യയാത്രയിലെ അതിഥികളായെത്തിയ 150 സ്കൂൾ വിദ്യാർഥികളും 25 അധ്യാപകരും അവിടെയിറങ്ങി.

കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ്., വേദവ്യാസ വിദ്യാലയം, ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ, ശ്രീ ഗോകുലം പബ്ലിക് സ്കൂൾ, ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് യാത്രയുടെ ആനന്ദംപങ്കിട്ടത്. വെജിറ്റബിൾ ബിരിയാണിയും മധുരപലഹാരങ്ങളുമായാണ് വന്ദേഭാരത് അതിഥികളെ വരവേറ്റത്.യാത്രയ്ക്ക് അവസരംകിട്ടാത്തവർ സൂത്രത്തിൽ വണ്ടിക്കുള്ളിൽ കയറി സെൽഫി തരപ്പെടുത്തി തൃപ്തിയടഞ്ഞു. വണ്ടി നിർത്തിയേടത്തൊക്കെ ഇക്കാഴ്ച കണ്ടു. പാസ് വേണം അകത്തുകയറാനെന്ന പുരികംചുളിക്കലിൽ പിറുപിറുത്തിറങ്ങിപ്പോയ ചെറുപ്പക്കാരെയും കണ്ടു.വണ്ടി കണ്ണൂരിലെത്തുമ്പോൾ സമയം 7.45. ആഘോഷാരവങ്ങൾ ഒരിക്കൽക്കൂടി, പത്തുമിനിറ്റോളം നിന്ന് വീണ്ടും ചൂളം വിളി! ഇനി കാസർകോട്ടേക്ക്.തിരുവനന്തപുരംമുതൽ ക്ഷണിക്കപ്പെട്ട അതിഥികളും റെയിൽവേ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമായാണ് വണ്ടി കുതിച്ചത്. കോഴിക്കോട്ടുനിന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരിയും മീനാക്ഷി ഗുരുക്കളും പ്രജിത്ത് ജയപാലും ഗായകൻ പി.കെ. സുനിൽകുമാറുമൊക്കെയുണ്ടായിരുന്നു. സ്വാമി നരസിംഹാനന്ദ, ബി.ജെ.പി. നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ.പി. ശ്രീശൻ, വി.കെ. സജീവൻ തുടങ്ങിയവരും ആദ്യയാത്രയിൽ വന്ദേഭാരതിലുണ്ടായിരുന്നു. ലോക്കോപൈലറ്റുമാരായ കെ.എം. ദേവദാസ്, അബ്ദുൽ റാസിക്‌ എന്നിവരായിരുന്നു കോഴിക്കോട്ടുമുതൽ കാസർകോട്ടുവരെ വന്ദേഭാരതിന്റെ സാരഥികൾ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com