
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ എൽ.ഡി.എഫ്. മെമ്പർമാർ വായമൂടിക്കെട്ടി പ്രതിഷേധിച്ചു.ഇടതുപക്ഷ മെമ്പർമാർക്കെതിരായ കള്ളക്കേസ് പിൻവലിക്കുക, ആവശ്യമായ വീടുകളിൽ എല്ലാദിവസവും കുടിവെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കറുത്തതുണികൊണ്ട് വായമൂടിക്കെട്ടി പ്രതിഷേധിച്ചത്.
ജനകീയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും നിലവിലുള്ള കുടിവെള്ളവിതരണം കാര്യക്ഷമമല്ലെന്നും ജനങ്ങൾ വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു.കെ.പി. ഷാജി, കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, ഇ.പി. അജിത്ത്, കെ.കെ. നൗഷാദ്, സിജി സിബി, ശ്രുതി കമ്പളത്ത് എന്നിവരാണ് പ്രതിഷേധിച്ചത്.
‘പ്രതിഷേധം ജാള്യംമറയ്ക്കാൻ’കഴിഞ്ഞ ഒന്നാംതീയതി നടന്ന ഭരണസമിതിയോഗത്തിൽ ഇടതുപക്ഷ മെമ്പർമാർ പ്രസിഡന്റിനെ അപമാനിച്ച വീഡിയോ അടക്കം സോഷ്യൽമീഡിയയിൽ ഉണ്ടെന്നും ഇതിന്റെ ജാള്യത മറയ്ക്കാനും ചൊവ്വാഴ്ച നടന്ന യോഗത്തിൽ ജനങ്ങളെ ബാധിക്കുന്ന കെട്ടിട നികുതി, പെർമിറ്റ് ഫീവർധന എന്നിവയ്ക്കെതിരേ യു.ഡി.എഫ്. മെമ്പർമാർ കൊണ്ടുവന്ന അജൻഡയ്ക്ക് മറുപടിപറയാൻ ഇല്ലാത്തതുകൊണ്ടുമാണ് അവർ വായമൂടിക്കെട്ടി വരേണ്ടിവന്ന തെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വൈസ് പ്രസിഡന്റ് എടത്തിൽ ആമിന എന്നിവർ അറിയിച്ചു.പ്രസിഡന്റിനെ അപമാനിച്ചതിന് നടപടി ആവശ്യപ്പെട്ട് ഡിവൈ.എസ്.പി.ക്ക് കൊടുത്ത പരാതിയിൽ കേസെടുക്കാത്തതിനാൽ കഴിഞ്ഞദിവസം റൂറൽ എസ്.പി.ക്കും പരാതി നൽകിയിട്ടുണ്ട്. കേസെടുക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് പറഞ്ഞു. സർക്കാർ ഉത്തരവ് വരുന്നതിനുമുൻപ് തന്നെ കുടിവെള്ളവിതരണം തുടങ്ങിയ പഞ്ചയത്താണ് കാരശ്ശേരി.നിലവിൽ മൂന്നു വാഹനങ്ങളിൽ പകലും രാത്രിയുമായി കുടിവെള്ളം വിതരണംചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കാനും പഞ്ചായത്ത് ഒരുക്കമാണ്. മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും അദേഹം അറിയിച്ചു



