
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ജൂബിലി കവാടത്തിലെയും പ്രധാന കവാടത്തിലെയും നടപ്പാതയിലെ അനധികൃത കച്ചവടങ്ങൾ പോലീസ് ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുമണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ നീണ്ടുനിന്ന ഒഴിപ്പിക്കൽയജ്ഞത്തിന് ട്രാഫിക് നോർത്ത് അസിസ്റ്റൻറ് കമ്മിഷണർ എം.ഡി. സുനിൽ, സൗത്ത് അസിസ്റ്റൻറ് കമ്മിഷണർ എ.ജെ. ജോൺസൺ, മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു എന്നിവർ നേതൃത്വം നൽകി.
വർഷങ്ങളായി പ്രധാന കവാടത്തിലെ നടപ്പാതയുടെ ഇരുവശവും കൈയടക്കി കച്ചവടംചെയ്യുന്നവർക്ക് താക്കീത് നൽകുന്നുണ്ടെങ്കിലും ഒഴിവുകൾനിരത്തി രക്ഷപ്പെടുകയാണ് പതിവ്. രോഗികൾക്കും കാൽനടയാത്രക്കാർക്കും ഇത് നടപ്പാതയാണെന്ന് പോലും അറിയില്ല. മെഡിക്കൽ കോളേജ് ട്രാഫിക് റൗണ്ടിന് സമീപത്തെയും കാരന്തൂർ ബസ് നിർത്തുന്ന സ്റ്റോപ്പിന് സമീപത്തെയും സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്നാൽ നടപ്പാതയിലേക്ക് കയറാൻ ഏറെ പ്രയാസമായിരുന്നു.
സീബ്രാലൈനിന്റെ ഇരുഭാഗത്തെയും വഴിയോരകച്ചവടങ്ങൾ ഒഴിപ്പിച്ച് ഇരുഭാഗത്തും ഡിവൈഡറുകൾ സ്ഥാപിച്ചതോടെ പേടിക്കാതെ റോഡ് മുറിച്ചുകടക്കാം.മെഡിക്കൽ കോളേജിന് മുന്നിലെ സമരപ്പന്തലായി എല്ലാസംഘടനകളും ഉപയോഗിക്കുന്ന ബസ്സ്റ്റോപ്പിന് സമീപത്തും പിന്നിലും ജൂബിലിഗേറ്റിലെ നടപ്പാതയിലെ വഴിയോരക്കച്ചവടം, താർപായ വലിച്ചുകെട്ടിയത്, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ, ബോർഡുകൾ തുടങ്ങിയവയെല്ലാം പോലീസ് എടുത്തുമാറ്റി പരിസരം വൃത്തിയാക്കി. മൂന്നുലോറിയിലായി മാലിന്യം മാറ്റുകയുംചെയ്തു.
നോട്ടീസ് നൽകി
പുതിയ അത്യാഹിതവിഭാഗം, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കുസമീപം കുറ്റിക്കാട്ടൂർ റോഡിലെ ഇടതുവശത്തെ അനധികൃത തട്ടുകടകൾക്ക് 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന് കാണിച്ച് മെഡിക്കൽ കോളേജ് പോലീസ് നോട്ടീസ് നൽകി. പത്തിലേറെ കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാരന്തൂർ റോഡിൽ വലതുവശത്ത് ആംബുലൻസ്, ഓട്ടോ, എന്നിവ പ്രത്യേകം പാർക്കിങ് സ്ഥലം മാർക്ക് ചെയ്തഭാഗങ്ങൾ ഉപയോഗിച്ചുതുടങ്ങി.മാതൃശിശുസംരക്ഷണകേന്ദ്രംമുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിവരെയുള്ള റോഡിരികിലെ പാർക്കിങ്ങ് പൂർണമായി ഒഴിവാക്കി. വേണാട് ഹോട്ടലിന് മുന്നിലെ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങും സമീപത്തെ നടപ്പാതയിലെ വഴിയോര കച്ചവടങ്ങളെയും ഒഴിപ്പിച്ചു.



