
മാസങ്ങൾക്കുമുമ്പ് സർക്കാർ നിരോധിച്ച, പബ്ജി മൊബൈലിന്റെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബി.ജി.എം.ഐ.) ഗെയിം തിരിച്ചുവരവിനൊരുങ്ങുന്നു. സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ 2021 ജൂലൈയിലാണ് ഗെയിം പുതിയ കമ്പനിയുടെ കീഴിൽ ബിജിഎംഐ എന്ന പേരിൽ അവതരിപ്പിച്ചത്. 3 മാസത്തെ ട്രയലിനു ശേഷമായിരിക്കും ആപ്പിന് അനുമതി തുടരണോ എന്നത് കേന്ദ്രസർക്കാർ നിശ്ചയിക്കുക അധികൃതരുമായുള്ള ചർച്ചകൾക്കുശേഷം ഗെയിമിന്റെ നിരോധനം നീക്കാൻ തീരുമാനിച്ച വിവരം ഗെയിമിന്റെ ഡെവലപ്പർ കമ്പനിയായ ക്രാഫ്റ്റൺ അറിയിച്ചു.
നിലവിൽ മൂന്നുമാസത്തെ ട്രയൽ അനുമതിയാണ് കേന്ദ്രം ഗെയിമിന് നൽകിയിരിക്കുന്നതെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഈ കാലയളവിൽ ഗെയിം കൃത്യമായ നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബി.ജി.എം.ഐ. ഗെയിം രാജ്യത്ത് വീണ്ടും കൊണ്ടുവരുന്നതിന് ക്രാഫ്റ്റൺ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒരുദിവസം ഗെയിം കളിക്കാവുന്നതിന് സമയപരിധി ഏർപ്പെടുത്തുക എന്നതാണ് ഇതിൽ ആദ്യത്തേത്. കുട്ടികളുംമറ്റും ഗെയിമിന് അടിമപ്പെടുന്നത് തടയാനാണ് ഈ നടപടി.
ഗെയിമിൽനിന്ന് രക്തം കാണിക്കുന്നതരത്തിലുള്ള ഗ്രാഫിക്സുകൾ ഒഴിവാക്കാനും നിർദേശമുണ്ട്. മുമ്പ് രക്തം പച്ചനിറത്തിലും മറ്റും ഗെയിമിൽ കാണിച്ചിരുന്നു.ബി.ജി.എം.ഐ. ഗെയിമിന് നിരോധനം വന്നതോടെ കോൾ ഓഫ് ഡ്യൂട്ടി, ഫ്രീഫയർ തുടങ്ങിയ ഗെയിമുകളിലേക്ക് ഗെയിമിൽ താത്‌പര്യമുള്ളവർ മാറിയിരുന്നു.2020-ൽ ഇന്ത്യ-ചൈനീസ് അതിർത്തിസംഘർഷങ്ങളെത്തുടർന്ന് ഇന്ത്യയിൽ നിരോധിച്ച പബ്ജി മൊബൈലിന്റെ തുടർച്ചയായാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം കൊണ്ടുവരുന്നത്.
ക്രാഫ്റ്റൺ കൊറിയൻ സ്ഥാപനമാണെങ്കിലും പബ്ജി ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. പബ്ജിയുടെ നിരോധനത്തെത്തുടർന്ന്, 2021-ൽ ക്രാഫ്റ്റൺ ബി.ജി.എം.ഐ. ഗെയിം കൊണ്ടുവന്നു. പക്ഷേ, 2022 ജൂലായിൽ പരസ്യമായി ഒരുകാരണവും നൽകാതെ ബി.ജി.എം.ഐ.യെ സർക്കാർ നിരോധിക്കുകയായിരുന്നു. ഗെയിം ഉടൻ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും



