
മുക്കത്ത് പ്ലാസ്റ്റിക് പരിശോധനയെന്ന പേരിൽ കടകളിൽ പരിശോധനയ്ക്ക് എത്തിയ നഗരസഭാ അധികൃതർക്കെതിരെ പ്രതിഷേധം.ഇന്ന് കടകളിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ,സെക്രട്ടറി അനീസ് കുട്ടൻ ഇന്റിമേറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു.
ഒരു കാരണവശാലും പരിശോധന അനുവദിക്കില്ലെന്ന നിലപാടിനെ തുടർന്ന് വാക്കേറ്റവും ചെറിയ സംഘർഷാവസ്ഥയുമുണ്ടായി മുക്കം പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു. പോലീസിന്റെ നേതൃത്വത്തിൽ നാളെ രാവിലെ ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന ധാരണയിലാണ് ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ചത്.പരിശോധനയുടെ പേരിൽ അധികൃതർ നിരന്തരം കടകളിൽ കയറി തങ്ങളെ വേട്ടയാടുകയാണെന്നും വലിയ തുക പിഴ ഈടാക്കുകയാണെന്നും വ്യാപാരികൾ ആരോപിച്ചു.
അതേ സമയം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും മുക്കം നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി ഇന്ന് മുക്കത്ത് നടത്തിയ പരിശോധനയിൽ 143 കിലോ നിരോധിത പ്ലാസ്റ്റിക്, ഡിസ്പ്പോസിബിൾ പേപ്പർ കപ്പ്, ഗ്ലാസ്, തെർമോക്കോൾ പ്ലേറ്റ് ഗ്ലാസ് എന്നിവ പിടിച്ചെടുത്തു. സ്‌ക്വഡ് അംഗങ്ങൾ അനിൽകുമാർ( ജില്ലാ എൻഫോഴ്സ് മെന്റ് സ്‌ക്വഡ് ലീഡർ ) രാജേന്ദ്രൻ. ടി, ബീധാബാലൻ, മിബീഷ്.ടിവി ( പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ മുക്കം നഗരസഭ ) എന്നിവർ പങ്കെടുത്തു.



