
കാരശ്ശേരി: പത്താംക്ലാസ് പരീക്ഷയിൽ അഭിമാനകരമായ വിജയം കാഴ്ചവച്ച കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിലെ സ്കൂളുകൾ പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിച്ചു. കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 126 വിദ്യാർഥികളിൽ 125 പേരും തുടർപഠനത്തിന് യോഗ്യത നേടി.
32 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. 65 വിദ്യാർഥികൾ പരീക്ഷ എഴുതിയ സയൻസ് ബാച്ചിൽ 25 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കുകയും എല്ലാവരും വിജയിക്കുകയും ചെയ്തു. കൊമേഴ്സ് ബാച്ചിൽ 7 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. മലമടക്കിൽ സ്ഥിതിചെയ്യുന്ന തോട്ടുമുക്കം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 117 പേർ പരീക്ഷക്കിരുന്നതിൽ 116 -ഉം വിജയിച്ചു. സയൻസ് ബാച്ച് 100 ശതമാനവും ഹ്യൂമാനിറ്റീസിന് 99 ശതമാനവും വിജയം നേടി.
11 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു.ആനയാംകുന്ന് വി. എം.എച്ച്. എം.ഹയർസെക്കൻഡറിയിൽ 95 ശതമാനമാണ് വിജയം .180 വിദ്യാർഥികൾ പരീക്ഷിക്കുന്നതിൽ 171 പേർ വിജയിച്ചു. സയൻസിൽ 97 ശതമാനം വിജയവും ഏഴ് പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കോമേഴ്സിൽ 95% വിജയം രണ്ട് പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഹ്യൂമാനിറ്റീസ് 93.2 ശതമാനം കുട്ടികൾ വിജയിച്ചു. ആറുപേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ചെറുവാടി ഗവ. ഹയർ സെക്കൻഡറിയിൽ 119 കുട്ടികൾ പരീക്ഷഎഴുതിയതിൽ 102 കുട്ടികൾ വിജയിച്ചു. ഏഴു പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു.



