
കോഴിക്കോട് :എഐ കാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ കൂടുതലും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്. ഞായര്‍ വൈകിട്ട് വരെ 3386 നിയമലംഘനമാണ് കാമറ കണ്ടെത്തിയത്. 3282 പേര്‍ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചു. ഇവയില്‍ 1963 കേസുകളും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ്. കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1321 കേസെടുത്തു. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്ത കേസ് 642. ഹെൽമെറ്റ് ധരിക്കാത്തതിന് 1666 ഇരുചക്രവാഹന ഉടമകള്‍ക്ക് നോട്ടീസ് അയച്ചു. പിന്‍സീറ്റ് യാത്രികന്‍ ഹെൽമെറ്റ് ധരിക്കാത്തത് ഉള്‍പ്പെടെയാണിത്. ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്രചെയ്തതിനും മൊബൈൽ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിനുമാണ് മറ്റു കേസുകള്‍.
നിയമലംഘനങ്ങളിൽ വാഹന ഉടമകൾ പിഴ അടച്ചുതുടങ്ങി. നോട്ടീസിനൊപ്പം ആർസി ഉടമയുടെ മൊബൈൽ നമ്പറിലേക്കും ചലാന്റെ ലിങ്ക് അയക്കും. ഇതുപയോഗിച്ചാണ് പിഴ അടയ്‌ക്കുന്നത്.
കാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ ചേവായൂരിലെ കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥസംഘമിരുന്ന് പരിശോധിച്ചശേഷമാണ് നോട്ടീസ് തയ്യാറാക്കുന്നത്. നിയമലംഘനത്തിന്റെ സാങ്കേതിക വശങ്ങൾ, നമ്പർ പ്ലേറ്റ് മങ്ങുന്ന പ്രശ്നം തുടങ്ങിയവ ഉദ്യോഗസ്ഥർ പരിശോധിക്കും. ഇതിൽ സംശയവമുള്ള മാറ്റിവയ്‌ക്കും. അതുകൊണ്ടാണ് നിയമലംഘനവും നോട്ടീസുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടാകുന്നത്.
പിഴ നോട്ടീസ് ലഭിക്കുന്നവർക്ക് ഓഫീസിൽ നേരിട്ടെത്തിയോ അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരമോ പിഴ അടയ്‌ക്കാം.
പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതപുലര്ത്തിയാണ് ഇപ്പോള്‍ വാഹനം ഓടിക്കുന്നത്. ഹെല്‍മെറ്റ് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അപകടങ്ങളിലെ അത്യാഹിതം കുറയ്ക്കന്‍ ഇത് സഹായിക്കുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ സുനില്‍ പറഞ്ഞു.



