
നാല് സുഹൃത്തുക്കൾ…വണ്ടിയുടെ R C പുതുക്കാനായി..പത്തുവർഷത്തോളം പഴക്കമുള്ള വണ്ടിയായത് കൊണ്ട് പല പാർട്സുകളും മാറ്റി പുതിയത് വെക്കണം. ടയർ രണ്ടെണ്ണം മാറ്റണം. പെയിന്റ് അടിക്കണം. ഇൻഷൂര് തെറ്റിയിട്ട് രണ്ടാഴ്ചയായി.. പണിയെടുപ്പിച്ച് പെയിന്റ് അടിച്ച് ഇൻഷുറൻസും രജിസ്ട്രേഷനും പുതുക്കി വണ്ടി നിരത്തിലൂടെ ഓടണമെങ്കിൽ മുപ്പതിനായിരം രൂപയെങ്കിലും വേണം.. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടി സുനിൽ തന്റെ ഓട്ടോറിക്ഷയുമായി അങ്ങാടിയിലേക്ക് പുറപ്പെട്ടു. വണ്ടിയുടെ പണി പകുതിയെ കഴിഞ്ഞിട്ടുള്ളൂ. പകുതി ബാക്കിയുണ്ട്. അതിന് ആരോടെങ്കിലും കടം വാങ്ങണം..മകളുടെ സെമസ്റ്റർ ഫീസ് അടയ്ക്കാൻ അണ്ണന്റെ ( തമിഴന്റ) അടുത്തുനിന്ന് ഇരുപതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്.. സ്കൂൾ കുട്ടികളുടെ ട്രിപ്പ് ഉള്ളതാണ്. അത് സുനിൽ മറ്റാരെയെങ്കിലും ഏൽപ്പിക്കലാണ്..സുനിലിന്റെ പൈസ മാസത്തിൽ ഒരുമിച്ചതാണ് കിട്ടുന്നത്. പക്ഷേ സുനിൽ കുട്ടികളെ എടുക്കാൻ പോകുന്ന വണ്ടിക്ക് അന്നന്ന് പൈസ കൊടുക്കണം.. വണ്ടി എത്രയും പെട്ടെന്ന് ഇറക്കണം..എവിടുന്നെങ്കിലും പത്തോ പനിനയ്യായിരമോ തിരുമറി ചെയ്യണം..
അങ്ങനെ ഓരോന്ന് ചിന്തിച്ച് സുനിൽ അങ്ങാടിയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്ന്റെ (MVD) ചെക്കിംഗ് കണ്ടത്.. അവൻ വണ്ടി തിരിച്ച് മൂന്ന് കിലോമീറ്റർ കൂടുതൽ ഓടി മറ്റൊരു വഴിക്ക് പോകാമെന്ന് വച്ചു..അവന്റെ സമയം നല്ലതായിരുന്നതുകൊണ്ട് MVD അവരുടെ പരിശോധന സുനിൽ ചുറ്റിക്കറങ്ങി വരുന്ന റോഡിലേക്ക് മാറ്റിയിരുന്നു.. ദൂരെനിന്ന് നോക്കിയാൽ കാണാൻ പറ്റാത്ത വിധത്തിൽ ഒരു വളവിലായിരുന്നു അവർ ചെക്കിങ് നടത്തിക്കൊണ്ടിരുന്നത്.. സുനിലിനെയും പിടിച്ചു.. രജിസ്ട്രേഷനും പൊലൂഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസും കാലാവധി കഴിഞ്ഞിരുന്നതിനാൽ ആയിരത്തിയഞ്ഞൂറ് രൂപ ഫൈൻ ഇട്ടു.. സുനിൽ അവരുടെ കയ്യും കാലും പിടിച്ച് സങ്കടങ്ങൾ പറഞ്ഞ് അപേക്ഷിച്ചത് കൊണ്ട് അത് അഞ്ഞൂറ് രൂപയിൽ ഒതുക്കി..
അങ്ങാടിയിലെത്തി ഒന്ന് രണ്ട് പേരോട് കാശ് ചോദിച്ചു. ഒന്നും ശരിയായില്ല.. ഭാര്യയും മക്കളും അവളുടെ വീട്ടിൽ വിരുന്നിന് പോയതായിരുന്നു.. വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന സുനിൽ, അവന്റെ ഒരു സുഹൃത്ത് രാജേഷുമൊത്ത് ഒരു അഞ്ഞൂറ് ml ബ്രാണ്ടി വാങ്ങി. തൊട്ടുകൂട്ടാനായി അരക്കിലോ കോഴി വാങ്ങി പൊരിക്കാം എന്നും തീരുമാനിച്ച് വീട്ടിലേക്ക് തിരിച്ചു.. രണ്ട് ക്ലാസുകളിൽ നാല്പത്, അൻപത് ml വീതം മദ്യം ഒഴിച്ച് കുടിക്കാനും തിളച്ച എണ്ണയിൽ വെന്തുകൊണ്ടിരിക്കുന്ന പകുതി വേവായ കോഴി കഷണം ടച്ചപ്പായി തിന്നാനും തുടങ്ങി.. കഥ പറഞ്ഞും പാട്ടുപാടിയും കവിത ചൊല്ലിയും സങ്കടങ്ങൾ പറഞ്ഞും അവരത് മുഴുവൻ കുടിച്ചു.. അപ്പോഴാണ് ജാഫർ സുനിലിനെ വിളിക്കുന്നത്. അവനും രാജേഷും അവന്റെ വീട്ടിലുണ്ടെന്നും അവർ 500 വാങ്ങി കഴിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാര്യയും മക്കളും വീട്ടിൽ ഇല്ല എന്നും പറഞ്ഞത് .. പത്തുമിനിറ്റിനുള്ളിൽ ജാഫറും ജിജിയും ഒരു ഫുൾ ബോട്ടിലും ടച്ചപ്പിന് ആവശ്യമായ ഫ്രൂട്ട്സും നട്സും വാങ്ങി സുനിലിന്റെ വീട്ടിലെത്തി.. രാജേഷും സുനിലും അവർക്ക് മതി, ഇനി വേണ്ട എന്നു പറഞ്ഞെങ്കിലും ജിജിയുടെയും ജാഫറിന്റെയും നിർബന്ധത്തിനു വഴങ്ങി അവർ വീണ്ടും ഓരോന്ന് കഴിച്ചു..
ഓട്ടോറിക്ഷ ജീവനക്കാരനായ ജാഫർ ബാങ്കിന്ന് ലോണെടുത്തും കിട്ടാവുന്ന ഇടത്തുനിന്നെല്ലാം കടം വാങ്ങിയുമാണ് മുഴുവൻ പണിയും തീരുന്നതിനു മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.. ജിജി നിർബന്ധിച്ചത് കൊണ്ട്, സുനിലും രാജേഷും ഉണ്ടെന്ന് പറഞ്ഞതുകൊണ്ടും, പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ പാർട്ടിയുടെ ഭാഗമായാണ് ജാഫർ ആ ഒരു ഫുള്ള് വാങ്ങിയത്.. പാട്ടിലും കവിതയിലും തുടങ്ങി പലതരം ചർച്ചകളായി.. കൊറോണ വരുന്നതുവരെ ശരാശരി വരുമാനം ലഭിച്ചിരുന്ന ഓട്ടോക്കാർക്ക്, കൊറോണയും കൊറോണയുമായി ബന്ധപ്പെട്ട സാഹചര്യവും സ്കൂട്ടറുകളുടെ അതിപ്രസരം കാരണം യാത്രക്കാരെ കുറച്ചതും പെട്രോളിന്റെയും പാർട്സിന്റെയും വിവിധതരം ഫീസുകളുടെയും വില വർധിക്കുകയും ചെയ്തതോടെ ഓട്ടോക്കാരുടെ ജീവിതം കാഠിന്യമേറിയതായി.. അവരവരുടെ സങ്കടങ്ങൾ പറഞ്ഞു.. ഹംസാജിയുടെ റബ്ബർ ടാപ്പിംഗ് കഴിഞ്ഞതിനുശേഷമാണ് ജിജി ഓട്ടോയുമായി ഇറങ്ങുന്നത്.. പെയിന്റിംഗ് ജോലിക്കാരനായ രാജേഷ് സുനിലിന്റെ അയൽക്കാരനാണ്.. ജിജിയുടെയും ജാഫറിന്റെയും നിർബന്ധത്തിന് വഴങ്ങി സുനിലിനും രാജേഷിനും വീണ്ടും വീണ്ടും കുടിക്കേണ്ടിവന്നു.. സമയം ഇരുട്ടി തുടങ്ങിയതും രാത്രി ആയതും അവരാരും അറിഞ്ഞില്ല.. കുടുംബത്തിന്റെ മുഴുവൻ ഭാരവും പേറി ജീവിതം മുന്നോട്ടു നയിക്കുന്ന ഇവർ ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ ഒക്കെയാണ് ഇങ്ങനെ കൂടാറുള്ളത്.. പാട്ടിന്റെയും കവിതയുടെയും ശ്രുതിയും താളവും നഷ്ടപ്പെട്ടു. പല്ലവിയും അനുപല്ലവിയും ചരണവും അങ്ങോട്ടുമിങ്ങോട്ടും മാറിത്തുടങ്ങി.. പത്തുമണിയോടുകൂടി രാജേഷിന്റെ വീട്ടിൽ നിന്ന് വിളി വന്നു. രാജേഷ് പോയി.. അവരപ്പോഴും ചർച്ചയിലായിരുന്നു.. കുടുംബത്തിന്റെ കാര്യവും മക്കളുടെ കാര്യവും സുഹൃത്തുക്കളുടെ കാര്യവും രാഷ്ട്രീയക്കാരുടെയും നേതാക്കന്മാരുടെയും കാര്യവും സംസാരിച്ചു വരവേ മതത്തിലേക്ക് കയറി.. ആ ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് (രാജേഷ് പോയതോടെ) ഒരു ഹിന്ദു ഒരു മുസ്ലിം ഒരു ക്രിസ്ത്യൻ ( സുനിൽ, ജാഫർ, ജിജി ) എന്ന് പറഞ്ഞ് മൂവരും കൈകോർത്ത് നൃത്തം ചെയ്ത് അവർ പാടി,”മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു…… മനുഷ്യൻ തെരുവിൽ മരിക്കുന്നു. ചെകുത്താൻ ചിരിക്കുന്നു”.. പതിനൊന്നുപതിനൊന്നരയോടു കൂടി ജാഫറും പോയി.. ഫുള്ള് മുഴുവൻ കഴിച്ചു തീർന്നിരുന്നില്ല.. ജിജി ഒരു മുപ്പത് ml കൂടി എടുത്ത് കഴിച്ചു..
പിറ്റേന്ന് രാവിലെ എട്ട് മണിയോടുകൂടി സുനിലിന്റെ ഭാര്യ റീജയും ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മകൾ ലക്ഷ്മിയും തിരിച്ചുവന്നു.. മകൾക്ക് കോളേജിൽ പോകാനുള്ളതുകൊണ്ട് രാവിലെ തിരിച്ചുവരണം എന്ന് തീരുമാനിച്ചായിരുന്നു അവർ പോയിരുന്നത്.. റീജ തന്റെ ഭർത്താവിന് എന്തോ പറ്റിയോ എന്ന് പേടിച്ച് ഓടിച്ചെന്ന് ഉറങ്ങിക്കിടക്കുന്ന തന്റെ ഭർത്താവിനെ വിളിച്ചുണർത്തി,”ആരാ ഈ വാതിൽ പൊളിച്ചത്”.. ഭൂരിഭാഗവും തകർന്ന് തരിപ്പണമായി കിടക്കുന്ന അടുക്കള വശത്തെ വാതിൽ ചൂണ്ടി കാണിച്ചുകൊണ്ട് സുനിലിനോട് ചോദിച്ചു.. അമിത മദ്യവും ഭക്ഷണവും കാരണം ഉറക്കമുണർന്നെങ്കിലും ഉറക്കച്ചടപ്പ് മാറാതെ അടുക്കള വശത്തേക്ക് എത്തി നോക്കി അവൻ റീജയോട് തിരിച്ച് ചോദിച്ചു..”ആരാ പൊളിച്ചത്?”.. ഉറക്കച്ചടപ്പ് മാറിയ സുനിൽ വാതിൽ കണ്ട് അന്താളിച്ചു പോയി.. എന്താണ് സംഭവിച്ചതെന്ന് സുനിലിന് ഒരു ഓർമ്മയും ഉണ്ടായിരുന്നില്ല.. ജിജിയെ ഫോൺ വിളിച്ചു. അവൻ ഫോണെടുത്തില്ല. ജാഫറും ഫോൺ എടുത്തില്ല. ജോലിയിലായിരുന്ന രാജേഷ് ഫോണെടുത്ത് സുനിൽ പറയുന്നത് ആശ്ചര്യത്തോടെ കേട്ട്, എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്ന് പറഞ്ഞു..ഒൻപതര പത്തു മണിയോടുകൂടി ജിജി സുനിലിനെ വിളിച്ചു.. ഫോൺ എടുത്ത ഉടനെ സുനിൽ ജിജിയോട് ചോദിച്ചു,”ഇന്നലെ രാത്രി എന്താണ് സംഭവിച്ചത്?, എങ്ങനെയാണ് വാതിൽ പൊളിഞ്ഞത്?”.. മറുതലക്കൽ നിന്ന്,”കള്ള നായേ, നിനക്കൊന്നും അറിയില്ല, അല്ലേ?, ഞാനും മുരളിയും അങ്ങോട്ട് വരുന്നുണ്ട്”.. പത്ത് മിനിറ്റിനു ശേഷം ജിജിയും ആശാരി മുരളിയും മുരളിയുടെ സ്കൂട്ടറിൽ വന്നിറങ്ങി.. വണ്ടിയുടെ ശബ്ദം കേട്ട് സുനിലും ഭാര്യ റീജയും വെളിയിലേക്ക് വന്നു. നീരുവച്ച വലത്തേ കാലിന്റെ തള്ളവിരൽ കുഴമ്പിട്ട്, തള്ളവിരൽ പൊക്കിപ്പിടിച്ച് വേച്ച് വേച്ച് വീട്ടിലേക്ക് കയറിവന്ന ജിജിയോട് സുനിൽ ചോദിച്ചു,”എന്തുപറ്റി കാലിന്?, ഇന്നലെ രാത്രി എന്താണ് സംഭവിച്ചത്?, ഞാൻ എത്ര ആലോചിച്ചിട്ടും എനിക്കൊന്നും ഓർമ്മ വരുന്നില്ല”.. ജിജി മുരളിയോട് വാതിൽ ചൂണ്ടിക്കാട്ടി അതു പോയി നന്നാക്കാൻ പറഞ്ഞു..
സ്കൂട്ടറിൽ വരുമ്പോൾ ജിജി മുരളിയോട് എല്ലാം പറഞ്ഞിരുന്നതിനാൽ അവൻ ചിരിച്ചുകൊണ്ട് വാതിലിന്റെ അടുത്തേക്ക് പോയി.. ജിജി റീജയുടെ മുഖത്തേക്ക് നോക്കി,”എന്റെ പൊന്നു റീജേ, നിന്റെ കെട്ടിയോൻ ഇന്നലെ കാണിച്ചു കൂട്ടിയത് എന്താണെന്നറിയോ?.. ഒന്നും മിണ്ടാതെ എന്താണ് എന്ന അർത്ഥത്തിൽ റീജയും സുനിലും ജിജിയുടെ മുഖത്തേക്ക് നോക്കി..”ഇന്നലെ രാത്രി പതിനൊന്നരയോടു കൂടി ജാഫറും പോയതിനു ശേഷം ഞാനും ഇവനും തനിച്ചായി”..”ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഇവൻ ഇവന്റെ സങ്കടങ്ങൾ പറയാൻ തുടങ്ങി. എം വി ഡി അഞ്ഞൂറ് രൂപ പിഴ അടച്ചതും എന്നോട് വാങ്ങിയ പതിനായിരവും ലക്ഷ്മിയുടെ ഫീസ് കൊടുക്കാൻ അണ്ണനോട് വാങ്ങിയ ഇരുപതിനായിരവും വണ്ടി ബ്രേക്ക് കഴിഞ്ഞ് ഇറക്കാൻ വേണ്ട ഇരുപതിനായിരവും എല്ലാം എണ്ണി എണ്ണി പറഞ്ഞ് ഇവൻ ഇവന്റെ വിഷമങ്ങൾ ഓരോന്നായി പുറത്തെടുത്തു”..”എത്രയും പെട്ടെന്ന് വണ്ടി ഇറക്കിയില്ലെങ്കിൽ കയറെടുത്ത് തൂങ്ങേണ്ടി വരും എന്നും അവൻ പറഞ്ഞു”..”ഇതൊക്കെ എല്ലാവർക്കും ഉള്ള പ്രശ്നങ്ങൾ ആയതുകൊണ്ട് ഞാനത്ര ഗൗരവത്തിൽ എടുക്കാതെ മൂത്രമൊഴിക്കാനായി വെളിയിൽ പോയി”..”ഞാൻ ബാത്റൂമിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. പുറകിൽ പോയി നോക്കി, ആ വാതിലും കുറ്റിയിരുന്നു. ഞാൻ ഇവനെ പലതവണ വിളിച്ചു. ഇവൻ മിണ്ടിയില്ല. ജനലും വാതിലും ഉച്ചത്തിൽ തട്ടി വിളിച്ചു. ഒരു അനക്കവും ഇല്ല”..”കയർ എടുത്ത് എങ്ങാനും തൂങ്ങുമോ?, മദ്യപിച്ച് മധോൻമത്തനായി വല്ല കടുംകയ്യും ചെയ്യുമോ?, ഞാൻ ഭയപ്പെട്ടു”..”വീണ്ടും പല ആവർത്തി വിളിച്ചെങ്കിലും ഒരു അനക്കവും കേട്ടില്ല”..”ഞാൻ ശരിക്കും പേടിച്ചു”..”അതുവരെ കുടിച്ച മദ്യമെല്ലാം ആവിയായിപ്പോയി”..”ഞാൻ മറ്റൊന്നും ആലോചിച്ചില്ല”..”അടുക്കള വശത്ത് ചെന്ന് വാതിലിന് സിനിമാ സ്റ്റൈലിൽ ഒരു ചവിട്ടു കൊടുത്തു. വലിയ ശബ്ദത്തോടെ വാതിൽ പൊളിഞ്ഞ് വീണു”..”ഞാൻ അകത്തേക്ക് ഓടി ചെന്ന് നോക്കുമ്പോൾ ഇവൻ കൂർക്കം വലിച്ച് ഉറങ്ങുന്നു”..”ഞാൻ ഇവനെ തട്ടിവിളിച്ച് എഴുന്നേൽപ്പിച്ചെങ്കിലും നീ എന്താ ഇവിടെ എന്ന് എന്നോട് ചോദിച്ച്, അവൻ വീണ്ടും ഉറങ്ങാൻ തിടുക്കം കൂട്ടി..”ബാക്കിയുണ്ടായിരുന്ന സാധനം രണ്ടുമൂന്നു പെഗ് ഉണ്ടാവും, ഞാനത് ഒന്നായിട്ട് ഒറ്റ വലി വലിച്ചു”..”വളരെ കാലത്തിനു ശേഷമുള്ള അടിയായതുകൊണ്ടും അളവിൽ കൂടുതൽ കഴിച്ചത് കൊണ്ടും ഇവൻ ഒരു ബോധവുമില്ലാതെ ഉറങ്ങുകയാണ് എന്ന് മനസ്സിലാക്കി ഞാനെന്റെ വീട്ടിലേക്ക് പോയി”..”ഇന്നലത്തെ ആ ചവിട്ടിൽ പറ്റിയതാണ് കാലിന്. പൂസായിരുന്നു അതുകൊണ്ട് രാത്രി വേദനയൊന്നും അറിയാതെ ഉറങ്ങി. രാവിലെ നോക്കുമ്പോൾ പെരുവിരൽ നീര് വച്ച് അനക്കാൻ പറ്റാതെ ആയിരിക്കുന്നു”.. ഒറ്റ ശ്വാസത്തിൽ ജിജി ഇതെല്ലാം പറഞ്ഞപ്പോൾ സുനിലും റീജയും പൊട്ടിച്ചിരിക്കുകയായിരുന്നു. വാതിൽ നന്നാക്കി കൊണ്ടിരിക്കുന്ന മുരളി, ജിജി പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നില്ലെങ്കിലും, അവൻ പറയുന്നത് എന്താണെന്ന് അറിയാവുന്നതുകൊണ്ട് അവനും ചിരിക്കുകയായിരുന്നു.. പേരുകൾ സാങ്കല്പികം Sidhique Patta…



