കക്കാടംപൊയിലിലേക്ക് വിനോദ സഞ്ചാരികള്‍ വന്നോട്ടെ….. പക്ഷെ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്

മുക്കം : കക്കാടംപൊയിലിലേക്ക് വരുന്ന വിനോദസഞ്ചാരികളില്‍ ഒരു വിഭാഗം പ്രദേശവാസികള്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി പരാതി.
അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.നിലമ്പൂരിൽ നിന്നും കക്കാടം പോയിലേക്കും, കൂടരഞ്ഞി കൂമ്പാറ വഴിയും, അരീക്കോട് തോട്ടുമുക്കം പനമ്പിലാവ് കോനൂര്‍കണ്ടി പീടികപ്പാറ വഴിയും കക്കാടംപൊയിലേക്ക് എത്തിച്ചേരാം. ഇവിടേക്ക് എത്തുന്ന യാത്രക്കാരില്‍ പലരും ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിക്കുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് .
തോട്ടുമുക്കം പനമ്പിലാവ് പീടികപ്പാറ റോഡിന്‍റെയും, നിലമ്പൂർ കക്കാടംപൊയില്‍ റോഡിന്‍റെയും, കൂമ്പാറ കക്കാടംപൊയില്‍, നായാടംപൊയില്‍ റോഡിന്‍റെയും, ഇരുവശത്തുമുള്ള കൃഷിയിടങ്ങളില്‍ അനധികൃതമായി ഇറങ്ങി വിളവുകള്‍ പറിച്ചെടുക്കുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്.
അനധികൃതമായി കൃഷിയിടങ്ങളില്‍ ഇറങ്ങുന്നവരെ ചോദ്യം ചെയ്താല്‍ സംഘം ചേര്‍ന്ന് എത്തുന്ന യാത്രക്കാര്‍, കൃഷി ഉടമകളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതായും വ്യാപക പരാതി ഉയരുന്നുണ്ട്. തോട്ടുമുക്കം പനമ്പിലാവ് പീടികപാറ റോഡ് വീതി കുറഞ്ഞതും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും, വളവുകളും ഉള്ള റോഡാണ്, ഇതിലെയാണ് ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം ആളുകളെ കയറ്റി അമിത വേഗത്തില്‍ സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. നാലു ചക്ര വാഹനങ്ങളും അമിത വേഗത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും ഭീഷണിയായി കടന്നുപോകാറുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു.
നിലമ്പൂർ,കക്കാടംപൊയില്‍. കൂമ്പറ, കക്കാടംപൊയില്‍, അരീക്കോട് തോട്ടുമുക്കം പനമ്പിലാവ് റൂട്ടുകളില്‍ വേണ്ടത്ര പോലീസ് പരിശോധനകള്‍ ഇല്ലാത്തത് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ആക്കം കൂട്ടുകയാണ്. നിലമ്പൂർ തിരുവമ്പാടി അരീക്കോട് സ്റ്റേഷൻ പരിധികളിലാണ് ഈ സ്ഥലങ്ങള്‍ ഉള്ളത്. ഈ സ്റ്റേഷനുകളില്‍ നിന്നും പരിശോധനകള്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



