LOCAL NEWS

ഒരു രൂപയ്ക്ക് 5 വീട്…! ആ 5 വീടുകളുടെ തറക്കല്ലിടൽ നാളെ

ഒരു രൂപയ്ക്ക് 5 വീടോ? സ്വന്തം ‘കാരവനി’ൽ എഴുതിവച്ചിരിക്കുന്ന ആശ്ചര്യ ചോദ്യത്തിന് ഈ മൂവർസംഘം തന്നെ ഉത്തരം തരുന്നു. നാളെ ആ 5 വീടുകളുടെ തറക്കല്ലിടൽ നടക്കുകയാണ്. രണ്ടു സൈക്കിളുകൾ ചേർത്തുകെട്ടി നിർമിച്ച സൈക്കിൾ കാരവനിൽ കാസർകോട്ടു നിന്നു കശ്മീർ വരെ നീളുന്ന യാത്രയിൽ കിട്ടുന്ന നാണയത്തുട്ടുകളാണ് ഈ കൂടൊരുക്കലിന്റെ മൂലധനം.

കഴിഞ്ഞവർഷം ഇവർ തിരുവമ്പാടി സന്ദർശിച്ചപ്പോൾ

യാത്രയിൽ കണ്ടുമുട്ടുന്ന അശരണരോ അംഗപരിമിതരോ ആയ അർഹർക്ക് തണലാകുകയാണ് വയനാട് സ്വദേശി റെനീഷ്, കോഴിക്കോട്ടുകാരൻ നിജിൻ, തലശ്ശേരി സ്വദേശി ഷാലിൻ എന്നീ യുവാക്കളുടെ സ്വപ്നം. കാസർകോട്ടു നിന്ന് 200 രൂപയും കയ്യിൽ കരുതി തുടങ്ങിയ യാത്ര ഒന്നര വർഷം പിന്നിടുമ്പോൾ സ്വദേശമായ അമ്പലവയൽ പഞ്ചായത്തിൽ, അശരണർക്കായി കണ്ട സ്വപ്ന സാഫല്യത്തിനുള്ള ഇടമായി 22 സെന്റ് സ്ഥലം ഇവർ സ്വന്തമാക്കി. അവിടെയാണ് നാളെ 5 വീടുകളുടെ നിർമാണം തുടങ്ങുന്നത്.

ഒരു രൂപയേ ഇവർ പ്രതീക്ഷിക്കുന്നുള്ളൂ. എങ്കിലും തൊടുപുഴക്കാർ ‘മൂന്നക്ക’ത്തിൽ കുറയാതെ നൽകുന്നവരാണെന്നാണ് ഇവരുടെ സാക്ഷ്യം. ഉടൻ വീടുപണി തുടങ്ങാൻ ധൈര്യം പകർന്നതും തൊടുപുഴക്കാരുടെ ഈ സ്നേഹമാണെന്ന് ഇവർ പറയുന്നു. യാത്രയിൽ 50 ലക്ഷം രൂപ ശേഖരിച്ച് പൂർണ സൗകര്യങ്ങളോടെ 5 വീടുകൾ നിർമിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന കാരവനിലാണ് ഒന്നര വർഷമായി ഇവരുടെ അന്തിയുറക്കം. അന്തരീക്ഷ മലിനീകരണം പൂർണമായും ഒഴിവാക്കുക എന്ന സന്ദേശം കൂടിയാകുകയാണ് ഇവരുടെ യാത്ര. വീട്ടുകാർ ഇടയ്ക്ക് ഇവരുടെ യാത്രാ ഇടങ്ങളിൽ വന്നു കണ്ടു മടങ്ങും. ‘‘ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് ഒരു കയ്യൊപ്പ്, അതുമതി’’– മൂവർ സംഘം യാത്ര തുടരുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com