KOODARANCHILOCAL NEWS

അര നൂറ്റാണ്ട് മുൻപ് നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമിച്ച പാലം ഇല്ലാതായി

തിരുവമ്പാടി: അര നൂറ്റാണ്ടിനു മുൻപ് നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമിച്ച കൂടരഞ്ഞി വീട്ടിപ്പാറ പാലം ഓർമയായി. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായാണ് 56 വർഷം പഴക്കമുള്ള പാലം പൊളിച്ചു നീക്കിയത്. കുടിയേറ്റക്കാരുടെ നേതൃത്വത്തിൽ 1956ൽ ആണ് പാലം നിർമാണം ആരംഭിച്ചത്.

സർക്കാർ പദ്ധതികളും സഹായവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് നാട്ടുകാർ ശ്രമദാനവും സംഭാവനയും പിരിച്ച് പാലം നിർമിച്ചത്. അന്നത്തെ പഞ്ചായത്ത് അംഗമായിരുന്ന തോമസ് മാളിയേക്കൽ, മത്തായി മംഗലത്തിൽ, സ്കറിയ വെട്ടിക്കൽ, വർക്കി വെട്ടിക്കൽ, ജോസഫ് വെട്ടിക്കൽ, മാത്യു മംഗലത്തിൽ, മത്തായി മാവറ, ആഗസ്തി കിഴക്കരക്കാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പാലം നിർമാണം നടന്നത്. പാലം കോൺക്രീറ്റ് ചെയ്യാൻ തട്ട് അടിച്ച് പൂർത്തിയാക്കിയ ശേഷം ആളുകൾ ഭക്ഷണം കഴിക്കാൻ പോയപ്പോൾ മലവെള്ളം വന്ന് നിർമാണങ്ങൾ എല്ലാം നശിച്ചു. പിന്നെയും കുറെ കാലം നിർമാണം മുടങ്ങി കിടന്നു.

1963 മുതൽ 67 വരെ കൂടരഞ്ഞി പള്ളി വികാരി ആയിരുന്ന ഫാ. ജേക്കബ് വാരിക്കാട്ട്, കൂമ്പാറ പുഷ്പഗിരി പള്ളി വികാരി ഫാ. തോമസ് തൈത്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ പാലം നിർമാണം വീണ്ടും തുടങ്ങി. കോൺക്രീറ്റ് നടത്തിയ ശേഷം ഇരുകരകളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തി കുറെ കാലം സാമ്പത്തിക പ്രയാസത്തിൽ നിർത്തി വച്ചു. പിന്നീടാണ് റോഡ് നിർമാണം നടത്തി പാലം സഞ്ചാരയോഗ്യം ആക്കിയത്. അവസാന ഘട്ട നിർമാണത്തിനു സർക്കാരിൽ നിന്ന് കുറച്ച് സാമ്പത്തിക സഹായം ലഭിച്ചു. അങ്ങനെ 1967ൽ നാടിന്റെ ഉത്സവം ആയി ആണ് പാലം ഉദ്ഘാടനം നടത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com