News

അഴുക്കുചാൽ നിർമാണത്തിലെ അപാകം: നിർമാണപ്രവൃത്തി തടഞ്ഞ് പ്രതിഷേധം

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുക്കത്ത് അഴുക്കുചാൽ നിർമിക്കുന്നതിൽ അപാകമുണ്ടെന്നാരോപിച്ച് എ.ഐ.വൈ.എഫ്. പ്രവർത്തകർ നിർമാണജോലി തടഞ്ഞു.

മുക്കം-അഗസ്ത്യൻമുഴി റോഡിൽ ക്രിസ്ത്യൻ പള്ളി പരിസരത്തെ അഴുക്കുചാൽ നിർമാണമാണ് തടഞ്ഞത്.നിർമാണത്തിലെ അപാകം കാരണം കഴിഞ്ഞദിവസം ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുള്ള ഒട്ടേറെ കടകളിലും വീടുകളിലും വെള്ളം കയറിയിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് എ.ഐ.വൈ.എഫ്. പ്രവർത്തകർ രംഗത്തെത്തിയത്. കോടികൾ ചെലവഴിച്ചുള്ള പദ്ധതിയുടെ ഭാഗമായി നടക്കുന്ന അഴുക്കുചാൽ നിർമാണത്തിൽ കരാർകമ്പനി നിരുത്തരവാദിത്വപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ബുധനാഴ്ചമുതൽ പ്രദേശത്ത് ജോലി തുടരാൻ അനുവദിക്കില്ലെന്നും എ.ഐ.വൈ.എഫ്. പ്രവർത്തകർ പറഞ്ഞു.

പുതുതായി നിർമിച്ച അഴുക്കുചാലുകളൊന്നും വെള്ളം ഒഴുകിപ്പോകാൻ കഴിയുംവിധമല്ല നിർമിച്ചതെന്ന് സമരക്കാർ പറഞ്ഞു. ഓമശ്ശേരിമുതൽ എരഞ്ഞിമാവുവരെയുള്ള റീച്ചിൽ ഇത്തരം പ്രശ്നങ്ങളുണ്ട്.മുക്കം പോലീസെത്തി ഇരുവിഭാഗവുമായി ചർച്ചനടത്തി.

പി.ഡബ്ല്യു.ഡി., കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച 12 മണിക്ക് ചർച്ചനടത്തി പരിഹാരം കാണാമെന്ന് ഉറപ്പുലഭിച്ചതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. സമരം എ.ഐ.വൈ.എഫ്. തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ.കെ. വിബീഷ് ഉദ്ഘാടനം ചെയ്തു. പി.കെ. രതീഷ്, കെ.ആർ. ഷൈജു, ഇ.സി. സനീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com