
മുക്കം: കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകടങ്ങൾ കുറയുന്നില്ല. ഇന്നലെയും 2 അപകടങ്ങൾ. വെള്ളിയാഴ്ചയും അപകടം ഉണ്ടായിരുന്നു. കോടികൾ ചെലവഴിച്ചുള്ള സംസ്ഥാന പാത നവീകരണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് വ്യാപകമായ പരാതി ഉയർന്നു. ഓടത്തെരുവ്, മാടാമ്പുറം വളവുകളിലെ അപകട പരമ്പരകൾക്ക് പിറകെയാണ് നെല്ലിക്കാപറമ്പ്, കറുത്തപറമ്പ് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങൾ.
വാഹനങ്ങൾ തെന്നി മറിഞ്ഞാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. നെല്ലിക്കാപറമ്പിൽ പ്രിന്റ് ഔട്ട് വില്ലയ്ക്കു സമീപം റോഡരികിൽ കെ.ടി.സുബൈറിന്റെ വീടിന്റെ മതിലുകളും ഗേറ്റും തകർത്താണ് ഗുഡ്സ് ഓട്ടോ ഇന്നലെ അപകടത്തിൽപെട്ടത്. ഗേറ്റും മതിലും ഇടിച്ച് ഗുഡ്സ് ഓട്ടോ മറിയുകയായിരുന്നു. വെള്ളിയാഴ്ച നെല്ലിക്കാപറമ്പ് അങ്ങാടിയിൽ പോസ്റ്റും സൈൻ ബോർഡുകളും തകർത്താണ് കാർ അപകടം ഉണ്ടായത്. കാറിന്റെ മുൻവശവും പിറകുവശവും പൂർണമായും തകർന്നു.മാടാമ്പുറം, ഓടത്തെരുവ് വളവുകളിലെ അപകട പരമ്പരകളിൽ പ്രതിഷേധിച്ച് നാട്ടുകാർ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിതയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധം വരെ നടത്തിയിരുന്നു.
തുടർന്ന് മാടാമ്പുറം ഭാഗത്ത് റമ്പിൾ സ്ട്രിപ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് നെല്ലിക്കാപറമ്പ്, കറുത്തപറമ്പ് ഭാഗങ്ങളിലും അപകടങ്ങൾ. മുക്കം –അരീക്കോട് റോഡിന്റെ വിവിധ ഭാഗങ്ങളിലെ നവീകരണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ് അപകടങ്ങൾക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നു. ജനകീയ ആക്ഷൻ കമ്മിറ്റി വിജിലൻസിന് പരാതിയും നൽകി. റോഡ് നവീകരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.



