
കോടഞ്ചേരി: ഒമ്പതാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ചാലിപ്പുഴയുടെയും, ഇരുവഞ്ഞിപ്പുഴയുടെയും ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക പ്രകടനങ്ങൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച സമാപിക്കും. നാളെ രാവിലെ 10 മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പുലിക്കയത്ത് സാഹസിക ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കും.
പുലിക്കയത്ത് ചാലിപ്പുഴയിൽ കയാക്കിങ് ഡൈവിംഗ് റാമ്പിന്റ നിർമ്മാണം പൂർത്തിയായി. പുലിക്കയം പാലത്തിന് സമീപം ഉദ്ഘാടന വേദിയുടെ നിർമ്മാണവും പൂർത്തിയായി. അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി താരങ്ങൾ പരിശീലനം തുടരുന്നു.സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും സംയുക്തമായാണ് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞവർഷം അറുപതിലേറെ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ ഇക്കുറി കൂടുതൽ വിദേശതാരങ്ങൾ എത്തിച്ചേർന്നു. ഉത്തരാഖണ്ഡിലെ ഋക്ഷികേശ് നിന്നുള്ള താരങ്ങളാണ് കൂടുതൽ എത്തിച്ചേർന്നിട്ടുള്ളത്. സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പുലിക്കയത്ത് നിർമ്മിച്ച കയാക്കിംങ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇലന്തുകടവിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വിജയികൾക്കുള്ള സമ്മാനദാനം നൽകും.




