
സൗദിയാണ് രാജ്യം ശരിയാത്താണ് നിയമം….5.
ഇന്റർവ്യൂ ഹാളിൽ ഞങ്ങൾ പന്ത്രണ്ട് പേരുടെ അടുത്തേക്ക് കോട്ടും സ്യൂട്ടുമിട്ട മൂന്നാളുകൾ വന്നു. അവര് മൂന്ന് കസേരകളിലായി ഇരുന്ന് ഓരോരുത്തരോടായി എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി. ഡെബിറ്റും ക്രെഡിറ്റും ഡബിൾ എൻട്രിയും അസറ്റും ലാബിലിറ്റിയും തുടങ്ങിയവയെ കുറിച്ചായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും.. ഒരു ബികോം കാരന്റെ ബാലപാഠങ്ങൾ…അവിടെയുണ്ടായിരുന്ന ബിരുദധാരികളിൽ പലർക്കും ശരിയായി ഉത്തരം പറയാൻ കഴിഞ്ഞില്ല. സത്യത്തിൽ അവർക്ക് ഉത്തരം അറിയാത്തതല്ല പ്രശ്നം, അത് ഇംഗ്ലീഷിൽ പറയാൻ കഴിയാത്തതാണ്..
അൽ സഫയിൽ ഞാൻ ജോലി ചെയ്തിരുന്ന കടയുടെ തൊട്ടടുത്ത ബിൽഡിങ്ങിലാണ് ഇംഗ്ലീഷുകാര് നടത്തുന്ന ഒരു ഹോസ്പിറ്റലിലെ ഓഫീസ് സ്റ്റാഫുകൾ താമസിക്കുന്നത്. കൂടെ അവിടുത്തെ ഡ്രൈവർ അമ്പതമ്പത്തഞ്ച് വയസ്സ് പ്രായമുള്ള ശ്രീലങ്കക്കാരൻ യൂസഫും.. ഒഴിവ് സമയങ്ങളിലെല്ലാം യൂസഫ് എന്റെ അടുത്ത് കടയിലായിരിക്കും. 20, 25 വർഷത്തോളമായി അദ്ദേഹത്തിന് ഇംഗ്ലീഷുകാരുടെ കൂടെയാണ് ജോലി. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന അദ്ദേഹം ഒരു സംസാരപ്രിയനും കൂടിയാണ്. എനിക്കെന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ അദ്ദേഹം വളരെ സഹായകമായി.. ഒരിക്കൽ അദ്ദേഹം ഒരു വെള്ള പേപ്പറുമായി വന്നു എന്നോട് അദ്ദേഹം പറയുന്നതുപോലെ അതിൽ എഴുതാൻ പറഞ്ഞു. ഒരു അപേക്ഷയായിരുന്നു അത്. അത്ര ഭംഗിയായും വേഗത്തിലും ഇംഗ്ലീഷ് സംസാരിക്കുന്ന അദ്ദേഹത്തിന് ഇംഗ്ലീഷ് എഴുതാൻ അറിയില്ല എന്നത് എന്നിൽ അത്ഭുതമുളവാക്കി.. ആ ബിൽഡിംഗ് ഓണർ അറബിയും അദ്ദേഹത്തിന്റെ മൂത്ത മകനും എന്നോട് ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. എന്നെപ്പോലെ തന്നെ ഇംഗ്ലീഷ് സംസാരിച്ച് സംസാരിച്ച് ഭാഷാപ്രാവീണ്യം നേടുക എന്നുള്ളത് അവരുടെയും ആവശ്യമായിരുന്നു.
മുകളിലെ ഫ്ലാറ്റിൽ താമസിക്കുന്ന സുഡാനിയും അപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്ന മൊറോക്കൻ കുടുംബവും ഇംഗ്ലീഷിൽ തന്നെയായിരുന്നു എന്നോട് സംസാരിച്ചിരുന്നത്.. സ്കൂളിൽ പഠിക്കുമ്പോൾ അസംബ്ലിക്ക് അറ്റൻഷൻ, സ്റ്റാൻഡേറ്റീസ്, ഡിസ് മിസ്, സ്റ്റാൻഡ് അപ്പ്, സിറ്റ് ഡൗൺ എന്നൊക്കെ പറയുന്നത് കേട്ടിരുന്നെങ്കിലും, Come here, go there, do this, എന്നൊന്നും ഒരു അധ്യാപകരും പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല.. ഇപ്പോൾ ഉള്ള ഈ വിസയുടെ ആവശ്യാർത്ഥം കോഴിക്കോട് നിന്നും അക്ബർ ട്രാവൽസിന്റെ ബസ്സിൽ തിരുവനന്തപുരത്തേക്ക് പോയപ്പോളായിരുന്നു ഒരാൾ എന്നോട് ആദ്യമായി ഇംഗ്ലീഷ് സംസാരിക്കുന്നത്.. എന്റെ ഹാൻഡ് ബാഗ് എനിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്തായിരുന്നില്ല ഞാൻ വെച്ചത്. അത് കണ്ടിട്ട് വെളുത്ത് പൊക്കം കുറഞ്ഞ് 65, 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ പറഞ്ഞു “Take your bag and keep there”. അദ്ദേഹത്തോട് OK എന്ന് പറഞ്ഞ് ബാഗ് മാറ്റിവെക്കുമ്പോൾ ഞാനനുഭവിച്ച മാനസിക സംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.. ഇതിന്റെയൊക്കെ ഹാങ്ങോവറിലാണ് 1996 ൽ വെറും പത്താം ക്ലാസുകാരനായ ഞാൻ നാട്ടിലുള്ള എന്റെ കൂട്ടുകാർക്ക് ഇംഗ്ലീഷിൽ ഒരു കത്തെഴുതിയത്. ഒന്നും രണ്ടും വരികൾ ഒന്നുമായിരുന്നില്ല, രണ്ട് പേജോളം വരും അത്. വരും എന്ന് എഴുതേണ്ടയിടത്ത് വന്നു, വരുമായിരിക്കും വന്നിരുന്നോ എന്നൊക്കെയായിരിക്കും എഴുതിയത്. എന്നിരുന്നാലും അതെന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നു..ഇന്റർവ്യൂ കഴിഞ്ഞു. എന്നോടും ചോദിച്ചു ഒന്ന് രണ്ട് ചോദ്യങ്ങൾ. ഒന്നിന് ഞാൻ മറുപടി പറഞ്ഞു. രണ്ടാമത്തേത് എനിക്ക് അറിയില്ല എന്നും പിന്നെ എന്റെ വ്യക്തിപരമായ ചില കാര്യങ്ങളും. ചോദിച്ചു..”അറിയിക്കാം” എന്ന് പറഞ്ഞ് ഞങ്ങളോടവർ പോകാൻ പറഞ്ഞു..
വൈകുന്നേരം ആ സൂക്കിൽ ജോലിചെയ്യുന്ന റസാക്ക് വീട്ടിൽ വന്ന് എന്നോട് പറഞ്ഞു, എനിക്കാ ജോലി കിട്ടിയെന്നും, നാളെ രാവിലെ ജോലിക്ക് കയറണമെന്നും.. പിറ്റേന്ന് രാവിലെയും ടൈ കെട്ടാൻ റസാക്കിന്റെ വീട്ടിലേക്കോടി.. എട്ടു മണിക്കൂർ ജോലി, ആഴ്ചയിൽ ഒരു ലീവ്, 1800 റിയാൽ ശമ്പളം, മറ്റാനുകൂല്യങ്ങൾ വേറെയും.. ഒരു കൗമാരക്കാരന്റെ ജീവിതമാറ്റം അവിടെ ഞാൻ ആസ്വദിക്കുകയായിരുന്നു.. ജീവിതത്തിന് ഒരു മാറ്റം വന്നു തുടങ്ങി, ഞാനെന്നെ ഇഷ്ടപ്പെടാൻ തുടങ്ങി, അതിലൂടെ മറ്റുള്ളവരെയും… കസ്റ്റമർ കൊണ്ടുവരുന്ന സാധനങ്ങൾ അതിന്റെ മുകളിൽ ഒട്ടിച്ചിരിക്കുന്ന ബാർകോഡ് സ്കാൻ ചെയ്ത് കൺവെയർ ബെൽറ്റിലൂടെ മറുവശത്തേക്ക് അയക്കും. അത് മറ്റൊരു ജോലിക്കാരൻ കവറിലാക്കി ട്രോളിയിൽ വയ്ക്കും. എനിക്ക് സാധനത്തിന്റെ കാശ് തന്ന് ആ പാക്ക് ചെയ്യുന്ന ജോലിക്കാർക്ക് ടിപ്സും കൊടുത്ത് അവർ ട്രോളിയും തള്ളി പോകും.. അറബികളും യൂറോപ്യൻസും അമേരിക്കൻസും ഒക്കെയായിരുന്നു അവിടുത്തെ കസ്റ്റമറിൽ അധികവും.. 600 റിയാൽ മാത്രം ശമ്പളമുള്ള ആ പാക്കിംഗ് ജോലിക്കാർ ടിപ്സും ചേർത്ത് 3000, 4000 റിയാൽ ഒരു മാസം സമ്പാദിക്കും. റമദാനിലോ മറ്റ് ആഘോഷ സമയങ്ങളിലോ അവരുടെ ഒരു ദിവസത്തെ ടിപ്സ് അവരുടെ ഒരു മാസ ശമ്പളത്തേക്കാൾ കൂടുതലായിരിക്കും.. എന്റെ കൗണ്ടറിൽ സാധനങ്ങൾ പാക്ക് ചെയ്തുകൊണ്ടിരുന്ന മമ്പാടുകാരൻ ഇസ്മായിൽ, ഒരു ദിവസം സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് ട്രോളിയിൽ വെച്ചുകൊടുത്ത് ” ട്രോളി പാർക്കിംഗിലേക്ക് കൊണ്ടുവരണോ” എന്ന് ചോദിച്ച് ട്രോളി ഉടമസ്ഥന് നേരെ പിടിച്ചു.” വേണ്ട” എന്ന് പറഞ്ഞ് ആ അറബി ട്രോളി വാങ്ങി അവന് 500 റിയാൽ ടിപ്സ് കൊടുത്ത് ട്രോളി തള്ളി പാർക്കിങ്ങിലേക്ക് പോയി.. ഒരിക്കൽ ഒരു അമേരിക്കക്കാരനായിരുന്നു കസ്റ്റമർ. രണ്ട് ട്രോളി നിറയെ സാധനങ്ങളുണ്ട്. പട്ടിക്കും പൂച്ചയ്ക്കും തിന്നാനും കുടിക്കാനും അവയെ പരിചരിക്കാനുള്ള സാധനങ്ങളായിരുന്നു കൂടുതലും.. ഞാനെല്ലാം സ്കാൻ ചെയ്ത് സബ് ടോട്ടൽ ആഡ് ചെയ്ത് ബില്ലിന്റെ പ്രിന്റെടുത്ത് അയാൾക്ക് കൊടുത്തു…ബില്ലിലെ നാല് റിയാലിന്റെ ഒരു ഐറ്റം ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു ആ സാധനം അയാൾ എടുത്തിട്ടില്ല, പിന്നെയെങ്ങനെ ബില്ലിൽ വരും എന്ന്..ഞാൻ അയാളോട് പറഞ്ഞു “ഞാനിതിൽ സ്കാൻ ചെയ്താലേ, ആ സാധനത്തിന്റെ പേരും തൂക്കവും വിലയും ഈ ബില്ലിൽ പ്രിന്റാകൂ , ആ സാധനം നിങ്ങൾ എടുത്തിട്ടില്ലായെങ്കിൽ ഈ ബില്ലിൽ അത് വരില്ല”..ഇസ്മയിൽ സാധനങ്ങളൊക്കെ പാക്ക് ചെയ്ത് ട്രോളിയിൽ അടുക്കി വെച്ചിരുന്നു..അയാളത് അംഗീകരിക്കാൻ തയാറാല്ലായിരുന്നു. കവർ തുറന്ന് ആയാളാ സാധനം തിരയാൻ തുടങ്ങി. ഞാനും ചേർന്ന് തിരിയുന്നതിനിടയിൽ ഞാനയാളോട് പറയുന്നുണ്ട് “അത് നിങ്ങൾ എടുത്തിട്ടുണ്ട്, അല്ലാതെ ഈ ബില്ലിൽ വരില്ല” എന്ന്.. ഇത് കണ്ട് ഫീൽഡ് സൂപ്പർവൈസർ അങ്ങോട്ട് വന്നു. അയാളോട് കാര്യം അന്വേഷിച്ചു. ബില്ല് നോക്കിയിട്ട് സൂപ്പർവൈസറും പറഞ്ഞത് ഞാൻ പറഞ്ഞതുപോലെ തന്നെയായിരുന്നു. എന്നിട്ടും അയാൾക്ക് വിശ്വാസമായില്ല.അയാളാണ് ശരി എന്ന് ഞങ്ങളുടെ മുമ്പിൽ തെളിയിക്കാനുള്ള തത്രപ്പാടിലാണ് അയാളെന്ന് എനിക്ക് തോന്നി…ചെറിയ ചെറിയ പാക്കറ്റിലുള്ള സാധനങ്ങൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ കുറച്ചുസമയത്തെ ഞങ്ങൾ നാലുപേരുടെ തിരച്ചിലിനിടയിൽ ഞങ്ങൾക്കാ സാധനം അതിൽ ഒരു കവറിൽ നിന്ന് കിട്ടി.. അയാൾ ഒരുപാട് ക്ഷമയൊക്കെ പറഞ്ഞു. അന്ന് ഞാൻ മറ്റൊരു കാര്യം മനസ്സിലാക്കി. അമേരിക്കക്കാരിലും വിവരമില്ലാത്തവരുണ്ട് എന്ന്..ജീവിതം സന്തോഷമായി പോയിക്കൊണ്ടിരുന്നു..
മൂന്നാം ക്ലാസ് വരെ പഠനത്തിൽ വളരെ പിറകിലായിരുന്ന ഞാൻ, നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും എത്തിയപ്പോൾ രണ്ടാമനും ഒന്നാമനും ആയതൊന്നും എന്റെ വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല. അതന്വേഷിക്കാനോ ഒന്നനുമോദിക്കാനോ ആരും ഉണ്ടായിരുന്നില്ല.. ആറു മക്കളുടെ ഉമ്മയായ ചെറുപ്പത്തിലെ വിധവയായ എന്റെ വലിയുമ്മ ( ഉപ്പയുടെ ഉമ്മ) അന്നന്നത്തെ അന്നത്തിനു വേണ്ടി അതിരാവിലെ ചൂട്ടും കത്തിച്ച് ചേട്ടന്മാരുടെ വീടുകളിൽ അടക്ക പൊളിക്കാൻ പോകുമായിരുന്നു.. ലോറിയിൽ ക്ലീനർ ആയി പോകുന്ന മൂത്ത മകനായ എന്റെ ഉപ്പയും നാലു പെങ്ങമ്മാരും ഒരു അനിയനും അടങ്ങുന്ന ആ കുടുംബത്തിലേക്കാണ് എന്റെ ഉമ്മയെ കെട്ടി കൊണ്ടുവരുന്നത്. പതിനാറോ പതിനേഴോ വയസുള്ള എന്റെ ഉമ്മയ്ക്ക്, ദാരിദ്ര്യത്തിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും മാത്രം ജീവിച്ച്, മനസ്സ് മുരടിച്ച എന്റെ വലിയുമ്മയുയുടെ സ്നേഹത്തിന് പാത്രമാകാൻ കഴിഞ്ഞില്ല.. എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് ഉപ്പ ഗൾഫിൽ പോകുന്നത്… ഉമ്മയും ഉപ്പ വീട്ടുകാരും തമ്മിൽ യോജിക്കാത്തതുകൊണ്ട് ഉമ്മ ഉമ്മയുടെ വീട്ടിലായി താമസം. ഞാൻ ഉപ്പ വീട്ടിലും. അഞ്ചിലും ആറിലും ഏഴിലും ഞാൻ ഒന്നാമനായിരുന്നു. അതൊന്നും എന്റെ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. എന്നോട് ആരും ചോദിച്ചതുമില്ല, ഞാൻ ആരോടും പറഞ്ഞതുമില്ല. കിട്ടില്ല എന്ന് ബോധ്യമായയതു കൊണ്ടായിരിക്കാം ഞാൻ എന്തെങ്കിലും ആവശ്യപ്പെടുന്നത് കുറവായിരുന്നു. പിന്നീട് അത് ഒരു ശീലവുമായി.. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ, നീല പാന്റ്സും വെള്ള ഷർട്ടുമാണ് യൂണിഫോം. നീല പാന്റിന് പകരം വെള്ളമുണ്ടുടുക്കാം. ഞാൻ പത്താം ക്ലാസ് വരെ ഒരിക്കൽ പോലും പാന്റ് ഇട്ടിട്ടില്ല. ആഴ്ചയിൽ ബുധൻ ഒഴികെ എല്ലാ ദിവസവും യൂണിഫോം നിർബന്ധമാണ്. ബുധനാഴ്ച ഒരു കളർഫുൾ ഡേ ആയിരുന്നു സ്കൂളിൽ. രാവിലെ ഒരു കളർ ഡ്രസ്സ് ഇട്ടിട്ട് ഉച്ചകഴിഞ്ഞ് ഊണിന് ശേഷം മറ്റൊരു കളർ ഡ്രസ്സ് ഇട്ടു വരുന്നവർ വരെ ഉണ്ടായിരുന്നു സ്കൂളിലും എന്റെ ക്ലാസിലും..എനിക്കൊരു കറുത്ത ഷർട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ പത്താം ക്ലാസ് മുഴുവനും ബുധനാഴ്ചകളിൽ ധരിക്കാൻ.. വാപ്പ ഗൾഫിൽ ആണെങ്കിലും ജോലിയൊന്നും ശരിയായിരുന്നില്ല, വീട്ടിലെ അവസ്ഥയും മറ്റും അറിയുന്നതുകൊണ്ട് ഞാൻ മറ്റൊരു ഷർട്ടിനായി വാശി പിടിച്ചതുമില്ല..
പത്താം ക്ലാസ് പരീക്ഷയോടടുത്താണ് ഞാൻ പുഴയിൽ കളിക്കാനായി പോയി തുടങ്ങുന്നത്. ബയോളജി പരീക്ഷയുടെ തലേന്ന് രാത്രി കളി കഴിഞ്ഞ് ഒരുമണിയോടു കൂടിയായിരുന്നു ഞാൻ വീട്ടിൽ വന്നത് .ഉമ്മയെ പറഞ്ഞു പറ്റിക്കാൻ വളരെ എളുപ്പമായിരുന്നു.ആ പരീക്ഷയിൽ എനിക്ക് 97 ശതമാനം മാർക്കുണ്ടായിരുന്നു.. കളി അഡിക്റ്റായി. വീട്ടിൽ എല്ലാവരും അറിഞ്ഞു തുടങ്ങി.കോളേജിൽ പഠിപ്പൊക്കെ നിർത്തി മുഴുവൻ സമയ ചീട്ടുകളിക്കാരനായി. അഞ്ചും ആറും ദിവസം വീട്ടിൽ പോകാതെ അങ്ങാടിയിൽ കിടന്നിട്ടുണ്ട്. അന്നത്തെ അമ്പതു പൈസയുടെ കുക്കീസ് എന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് അനുജത്തിക്ക് ( ഞാനും അവളും തമ്മിൽ 18 വയസ്സ് വ്യത്യാസമുണ്ട് ) കൊണ്ട് കൊടുത്താൽ പോലും ഉമ്മ അത് വാങ്ങി വലിച്ചെറിഞ്ഞ് എന്നെ വഴക്കുപറയും. വീട്ടിലേക്ക് ഒരു പൈസ പോലും എന്നോട് എന്റെ ഉമ്മ വാങ്ങില്ലായിരുന്നു. കളിച്ച് കാശ് കിട്ടിയിട്ട്, വീട്ടിൽ കൊണ്ടുപോകാൻ പേടിച്ച് മണ്ണിൽ കുഴിച്ചിട്ടിട്ടുണ്ട്. അങ്ങാടിയിലുള്ള കടകളിലും മറ്റും ഏൽപ്പിക്കാറാണ് പതിവ്.. ഇപ്പോൾ ഈ സൗദി അറേബ്യയിലേക്ക് വരുന്നതിന് തൊട്ടുമുമ്പുള്ള ഞാൻ അങ്ങനെയായിരുന്നു…
എന്നെ സ്നേഹിക്കുന്നവരെ ഒക്കെ മാറി നടന്ന എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി തുടങ്ങിയിരുന്നു.. പഠനം മുടക്കിയതിൽ ഉമിത്തീ എരിയുന്നത് പോലെയുള്ള ഒരു നീറ്റൽ ഉള്ളിൽ എപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു… ഇവിടെ സൗദിയിൽ, തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ഇപ്പോൾ കിട്ടിയ ഈ ജോലി, എന്റെ ആത്മവിശ്വാസം ഉയർത്തി ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ എന്നെ പ്രാപ്തനാക്കി. അത്രയ്ക്ക് ആസ്വദിച്ചിരുന്നു ഞാൻ ആ ജോലിയെ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായുള്ള ഇടപഴകൽ എന്നെ ആനന്ദിപ്പിച്ചിരുന്നു..ഞാനെന്നെ സ്നേഹിക്കാൻ തുടങ്ങി.കൂടെ മറ്റുള്ളവരെയും.. മൂന്നാം മാസത്തെ ശമ്പളവും നാട്ടിലേക്ക് അയച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് കാട്ടുതീ പോലെ ഒരു വാർത്ത സൗദി അറേബ്യയിൽ പരന്നത്. “ഓരോരുത്തരും അവരവരുടെ കഫീലിന്റെ ( സ്പോൺസറുടെ ) കീഴിൽ മാത്രമേ ജോലി ചെയ്യാവൂ, ആരെങ്കിലും സ്വന്തം കീഴിലുള്ള ആളുകളെ കൊണ്ടല്ലാതെ ജോലി ചെയ്യിപ്പിച്ചാൽ ജോലി ദാതാവിന്, 50000 റിയാൽ പിഴയും ആറുമാസം തടവും” സൗദി സൂറ കൗൺസിൽ നിയമം പാസാക്കി. കൂടെ സൗദി അറേബ്യയിലെ ആദ്യത്തെ പൊതു മാപ്പും. എനിക്ക് ഈ ഹൈപ്പർമാർക്കറ്റിൽ ജോലി തുടരണമെങ്കിൽ ഞാൻ ഈ ഹൈപ്പർ മാർക്കറ്റിന്റെ കീഴിലേക്ക് എന്റെ വിസ മാറണം. അതിന് തനാസിൽ(T C) വേണം. അത് ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന അറബിയുടെ ജ്യേഷ്ട്ടന്റെ അടുത്ത് നിന്ന് കിട്ടണം. അയാളായിരുന്നു എന്റെ സ്പോൺസർ.. പല്ലു തേക്കാത്ത, സംസാരിക്കുമ്പോൾ തുപ്പലം തെറിക്കുന്ന ഗൗരവ ഭാവമുള്ള ബഷീറിനെ അത്രയും ബുദ്ധിമുട്ടിച്ച് വന്ന് ഒന്നര മാസം കൊണ്ട് അവിടെനിന്ന് ചാടാൻ അവനെ പ്രേരിപ്പിച്ച,ഭീകരതയുടെ പര്യായമായി ബഷീർ അവതരിപ്പിച്ച, അവന്റെ, ഖാലിദ് അബ്ദുല്ല അൽ ഹറബിയുടെ അടുത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.. ഏഴ് മാസത്തോളമായി ഞാൻ അവിടുന്ന് ചാടിയിട്ട്. ഒരിക്കൽപോലും കാണുകയോ ബന്ധപ്പെടുകയോ അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്തായാലും ഞാൻ നാളെ അവനെ കാണാൻ പോകുകയാണ്.. കഥയിലെ പേരുകൾ സാങ്കല്പികം മാത്രം തുടരും……Sidhique Patta…



