
കൊടിയത്തൂർ : ഇരുവഞ്ഞിയും ചാലിയറും അതിരിട്ടൊഴുകുന്ന ചെറുവാടി വെള്ളപ്പൊക്ക ഭീഷണിയിൽ. പ്രദേശത്തെ അഞ്ചുറോഡുകളിൽ വെള്ളംകയറി. ഗ്രാമപ്പഞ്ചായത്തും ജനമൈത്രി പോലീസും മുൻകരുതൽ നടപടികളുമായി രംഗത്തിറങ്ങി. പഞ്ചായത്ത് രൂപവത്കരിച്ച കരുതൽ കരങ്ങൾ രക്ഷാസേനയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
വെള്ളംകയറിയതിനെത്തുടർന്ന് ചെറുവാടി -ചുള്ളിക്കാപറമ്പ് റോഡ്, കണ്ടങ്ങൽ തേലീരി റോഡ്,ആന്യം റോഡ്, കാരാട്ട് റോഡ് എന്നിവയിലൂടെയുള്ള ഗതാഗതം മുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സുഹിയാൻ ചെറുവാടി, ആയിഷ ചേലപ്പുറത്ത്, സുഹറ വെള്ളങ്ങോട്ട് , ഫസൽ കൊടിയത്തൂർ, ജനമൈത്രി എസ്.ഐ. പി. അസൈൻ തുടങ്ങിയരാണ് തോണിയിൽ വെള്ളപ്പൊക്ക ബാധിതമേഖല സന്ദർശിച്ചത്.



