LOCAL NEWS

ഓർമകൾക്ക് നിറം പകർന്ന് കുടുംബശ്രീ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് മുക്കത്ത് തുടക്കമായി

മുക്കം: പ്രായത്തിൻറെ ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടിത്തത്തിന്റെ മനസുമായി സ്കൂൾ ബാഗും ചോറ്റുപാത്രവുമായി അവർ സ്കൂൾ ഗേറ്റ് കടന്ന് വന്നു. ബാല്യത്തിൻറെ അനുസരണക്കേടുമായി അവർ ക്ലാസ് മുറികളിൽ ഓടി നടന്നു. ഹാജർ പട്ടികയുമായി ക്ലാസ് ടീച്ചർ വന്നപ്പോൾ അച്ചടക്കത്തോടെ ക്ലാസിലിരുന്നു. കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മിഷൻറെ നേതൃത്വത്തിൽ നടക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന്റെ ഭാഗമായി എം എ എം ഒ ഹയർസെക്കൻററി സ്കൂളിൽ നടന്ന ആദ്യ ബാച്ചാണ് സ്കൂൾ പഠനകാലത്തിൻറെ ഓർമകളിലേക്ക് കുടുംബശ്രീ അംഗങ്ങളെ തിരികെ കൊണ്ടുപോയത്. സ്കൂൾ അസംബ്ലിയും ദേശീയ ഗാനവുമെല്ലാം പഠിതാക്കളെ കുട്ടികളാക്കി മാറ്റി. നഗരസഭ ചെയർമാൻ പിടി ബാബു അസംബ്ലി ഫ്ലാഗ് ഓഫ് ചെയ്തു. ബി പി മൊയ്തീൻ സേവാ മന്ദിർ ഡയരക്ടർ കാഞ്ചനമാല മുഖ്യാതിഥി ആയിരുന്നു. പത്ത് ക്ലാസുകളിലായി 368 പേരാണ് ആദ്യ ദിവസം എത്തിച്ചേർന്നത്. കുടുംബശ്രീ സംഘടന, മൈക്രോഫിനാൻസ്, സാമൂഹിക വികസനം, തൊഴിൽ സംരംഭങ്ങൾ, ഡിജിറ്റൽ കാലഘട്ടം എന്നീ അഞ്ചുവിഷയങ്ങളിൽ പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.ഇടവേളകളിൽ പഠിതാക്കൾ സ്കൂൾ കാലങ്ങളിലെ വിവിധ കളികളിൽ ഏർപ്പെടുന്നതും കാണാമായിരുന്നു. ഡിസംബർ 10 വരെ സ്കൂൾ അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com