News

സെറ്റ് പരീക്ഷയ്ക്ക് എത്തിയവരെ വട്ടംകറക്കി; ഗൂഗിൾ മാപ്പ്

കോഴിക്കോട്:സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സ്കൂൾ വിലാസം വ്യക്തമല്ലാത്തതിനാൽ ഗൂഗിൾ മാപ്പിൽ തിരഞ്ഞുപോയ വിദ്യാർഥികൾ ദുരിതത്തിലായി. പലർക്കും പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഒരു മിനിറ്റ് വൈകിയവർക്കു പോലും പരീക്ഷ എഴുതാനുള്ള അവസരം നൽകിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

കോഴിക്കോട് പരപ്പിൽ എംഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സെറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളാണ് വിലാസത്തിലെ അവ്യക്തത കാരണം വലഞ്ഞത്. അഡ്മിറ്റ് കാർഡിൽ പരീക്ഷാകേന്ദ്രമെന്നതിനു നേരെ ‘എംഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പിൽ, കോഴിക്കോട്’ എന്നാണ് ചേർത്തിരുന്നത്.ഈ കേന്ദ്രം കോഴിക്കോട് നഗര പരിധിയിലാണ്.

മറ്റു ജില്ലകളിൽനിന്നും വിദൂരസ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ സ്ഥലം പരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. തുടർന്ന് ഒട്ടേറെ വിദ്യാർഥികൾ മുക്കത്താണ് എത്തിയത്. എംഎം സ്കൂൾ ഗൂഗിളിൽ തിരയുന്ന പലരും വഴി തെറ്റി മുക്കത്ത് എത്തുന്നതു പതിവാണ്. അബദ്ധം തിരിച്ചറിഞ്ഞ വിദ്യാർഥികൾ തിരികെ കോഴിക്കോട് നഗരത്തിലേക്ക് തിരിച്ചെത്തി.

രാവിലെ പത്തിനായിരുന്നു പരീക്ഷാ സമയം. പത്തു കഴിഞ്ഞ് ഒരു മിനിറ്റായപ്പോൾ എത്തിയ വിദ്യാർഥിയോടു പോലും അകത്തേക്ക് കയറ്റാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. പത്തരയ്ക്കു മുൻപേ വിദ്യാർഥികൾ എത്തിയെങ്കിലും ഗേറ്റടച്ചതോടെ ഇവരുടെ അവസരം നിഷേധിക്കപ്പെട്ടു. ഇനി ആറു മാസം കഴിഞ്ഞാണ് സെറ്റ് പരീക്ഷ നടക്കുക. ഇതോടെ തൊഴിലവസരത്തിനു ഒരു വർഷം നഷ്ടമാവുമെന്നും വിദ്യാർഥികൾ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com