LOCAL NEWSNews

താമരശ്ശേരി ജൂവലറി കവർച്ച: മുഴുവൻ പ്രതികളും പിടിയിൽ

താമരശ്ശേരി : താമരശ്ശേരിയിൽ ജൂവലറിയുടെ ചുമർ തുരന്ന് 45 പവനോളം സ്വർണം കവർന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ. നേരത്തേ പിടിയിലായ പൂനൂർ പാലംതലക്കൽ നവാഫിന്റെ സഹോദരൻ നിസാർ (25), ഒളവണ്ണ പുത്തോട്പാടം നസീറ മൻസിലിൽ മുഹമ്മദ് നിഹാൽ (21) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വ്യാഴാഴ്ച ഉച്ചയോടെ എറണാകുളത്തുനിന്ന് പിടികൂടിയത്.

ജൂവലറിയിൽനിന്ന് കവർന്ന സ്വർണാഭരണത്തിന്റെ പകുതിയോളം അന്വേഷണസംഘം വിവിധ ഇടങ്ങളിൽനിന്നായി കണ്ടെത്തിയിട്ടുണ്ട്. ഒന്നാംപ്രതി നവാഫിനെ ബുധനാഴ്ച പുലർച്ചെ ഒരുമണിക്ക് താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടകവീട്ടിൽനിന്ന് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം നവാഫ് ആർഭാടജീവിതം നയിച്ചുവരുന്ന വിവരം നാട്ടുകാർ പറഞ്ഞതിനെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

നവാഫും ഭാര്യയും പള്ളിപ്പുറത്തുള്ള വാടകവീട്ടിലും നിസാർ പള്ളിപ്പുറം ഇരുൾകുന്നിലെ വാടകവീട്ടിലുമാണ് താമസിച്ചിരുന്നത്. നവാഫിൽനിന്നാണ് മറ്റു പ്രതികളെക്കുറിച്ചുള്ള സൂചന അന്വേഷണസംഘത്തിന് ലഭിച്ചത്. സഹോദരൻ പിടിയിലായ വിവരമറിഞ്ഞ നിസാർ ഒളിവിൽ പോവുകയായിരുന്നു. കൊടുവള്ളിയിലുള്ള ഭർതൃമതിയായ യുവതിയെയും ഒപ്പംകൂട്ടിയാണ് നിസാർ ഒളിവിൽപോയത്. യുവതിയെ കാണാതായതിന് കൊടുവള്ളി പോലീസ് കേസെടുത്തിരുന്നു. ഈ യുവതിക്ക് കവർച്ചയിൽ പങ്കില്ലെന്ന് അന്വേഷണസംഘം പറഞ്ഞു.

എറണാകുളത്ത് പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്ന നിഹാൽ, നിക്കാഹ് കഴിഞ്ഞ യുവതിയോടൊപ്പം അവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വീട്ടുകാരോടും യുവതിയുടെ വീട്ടുകാരോടും ദുബായിൽ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. നിഹാലിനെ പെട്രോൾ പമ്പിൽനിന്നും നിസാറിനെയും കൊടുവള്ളി സ്വദേശിനിയായ യുവതിയെയും നിഹാലിന്റെ മുറിയിൽനിന്നുമാണ് പിടികൂടിയത്.

കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തുള്ള റനാ ഗോൾഡിന്റെ ചുമർ തുരന്നാണ് പ്രതികൾ സ്വർണം കവർന്നത്. ജൂവലറിയുടെ ചുമർ തുരന്ന് ഉള്ളിൽക്കയറിയ പ്രതികൾ സി.സി.ടി.വി. ക്യാമറയിൽ പെയിൻറ് സ്‌പ്രേ ചെയ്തു. തുടർന്ന്, ലോക്കർ ഗ്രൈൻഡർ ഉപയോഗിച്ച് തകർത്തശേഷം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ ജൂവലറിയുടെ പിറകുവശത്തുള്ള പറമ്പിലൂടെയാണ് പ്രതികൾ കവർച്ചയ്ക്കെത്തിയത്.

കഴിഞ്ഞ ഡിസംബർ 28-ന് ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മൽ ജൂവലറിയുടെ ചുമർ കുത്തിത്തുറന്ന് കവർച്ചനടത്തിയത് ഈ മൂന്നംഗ സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോക്കർ പൊളിക്കാൻ പറ്റാത്തതിനാൽ മേശയിലുണ്ടായിരുന്ന 500 ഗ്രാം വെള്ളിയും പതിനായിരം രൂപയും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.

താമരശ്ശേരി കേസിലെ ഒന്നാംപ്രതി നവാഫിനെ അന്വേഷണസംഘം നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കവർച്ച നടന്ന ജൂവലറിയിൽ ഉൾപ്പെടെ പ്രതിയെ എത്തിച്ച് ശനിയാഴ്ച തെളിവെടുപ്പ് നടത്തും.

താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദ്, ഇൻസ്പെക്ടർമാരായ കെ.ഒ. പ്രദീപ്, എ. സായൂജ് കുമാർ, എ.എസ്.ഐ. മാരായ കെ.എസ്. ജിതേഷ്, രാജീവ്ബാബു, പി. ബിജു, ഷിബിൽ ജോസഫ്, എസ്.ഡി. ശ്രീജിത്ത്, അഷ്റഫ്, വി. ഹരിദാസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എം. ജയരാജൻ, കെ.കെ. അജിത്ത്, ഷിംജിത്ത്, പി.പി. ജിനീഷ്, ഷൈജു, പി.പി. ഷിനോജ്, സൈബർ സെൽ എസ്.ഐ. സത്യൻ കാരയാട്, ശ്രീജിത്ത്, എം.കെ. റിജേഷ്, അമൃത എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com