
കൂരാച്ചുണ്ട്: കാട്ടുപന്നികള്‍ പെരുകി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ഒന്നാം വാർഡ് ശങ്കരവയലിലെ ഒരു കൃഷിയിടത്തില്‍ കാട്ടുപന്നികള്‍ കൂട്ടമായിറങ്ങി തകർത്തത് 500 ചുവട് കപ്പ.
ഇവിടെയുള്ള കർഷകരായ ചെരിയൻപുറത്ത് ജിജി, തയ്യില്‍ ജോസഫ് എന്നിവർ ചേർന്ന് നട്ടു പരിപാലിച്ചു വരുന്നതും മൂന്ന് മാസം പ്രായവുമായ കപ്പയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.
കൂടാതെ ഓട്ടപ്പാലത്തെ എഴുതുകണ്ടി രാമകൃഷ്ണൻ , എഴുതുകണ്ടി ഗോപി, എഴുതുകണ്ടി ബാബു എന്നിവരുടെ 250 ചുവട് കപ്പയും പന്നിക്കൂട്ടം നശിപ്പിച്ചു. പഞ്ചായത്തിലെ കാളങ്ങാലി, ഓഞ്ഞില്‍, കേളോത്തുവയല്‍ തുടങ്ങി കൂരാച്ചുണ്ട് ടൗണിന് സമീപമുള്ള കൃഷിയിടങ്ങളിലെല്ലാം തന്നെ വ്യാപകമായി വാഴ, കപ്പ എന്നിവ നശിപ്പിക്കുകയാണ്.
കാർഷിക വിളകളുടെ വിലത്തകർച്ചമൂലം ജീവിതം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ ശല്യവും കർഷകരെ ദുരിതക്കയത്തിലാക്കുകയാണ്.
വന്യജീവികള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുമ്പോൾ അവയെ കൊന്നൊടുക്കാൻ അനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ സർക്കാരിനോടാവശ്യപ്പെടുന്നത്.



