
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ സ്ഥാപനത്തിനുള്ള കേരള ബാങ്കിന്റെ പുരസ്കാരം (75001 രൂപ) മന്ത്രി വി.എൻ.വാസവനിൽ നിന്നു കൊടിയത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി കെ.ബാബുരാജ്, മുൻ പ്രസിഡന്റ് ഇ.രമേശ് ബാബു എന്നിവർ ഏറ്റുവാങ്ങി. 2020– 21 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് 1506 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ നിന്നും 51 അർബൻ ബാങ്കുകളിൽ നിന്നും സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ സ്ഥാപനമായി കൊടിയത്തൂർ സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തിട്ടുള്ളത്.
മികച്ച ബാങ്കിങ് പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക മേഖലയിൽ ഉൾപ്പെടെയുള്ള സ്തുത്യർഹമായ സേവനമാണ് ബാങ്ക് നടത്തി വരുന്നത്.നെൽക്കൃഷി വികസനത്തിനായി ചെറുവാടി പുഞ്ചപ്പാടത്ത് നെൽക്കൃഷിയിറക്കുകയും നെൽകർഷകർക്ക് ആവശ്യമായ സഹായ സഹകരണങ്ങളും ബാങ്ക് നൽകിവരുന്നു. നാളികേര കർഷകർക്ക് ആശ്രയവും അത്താണിയുമായി നാച്ച്വറൽ വെളിച്ചെണ്ണ ഫാക്ടറിയും ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്നു. ബാങ്കിനു കീഴിൽ ഭാരത് ഗ്യാസ് ഏജൻസിയും പ്രവർത്തിക്കുന്നു.
1988ൽ ആരംഭിച്ച ബാങ്കിന് ഹെഡ് ഓഫിസ് ഉൾപ്പെടെ 8 ശാഖകളും ഉണ്ട്. അർഹതയ്ക്കുള്ള അംഗീകാരമാണ് ബാങ്കിനെ തേടിയെത്തിയതെന്ന് ബാങ്ക് പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി കെ.ബാബു രാജ് എന്നിവർ പറഞ്ഞു



