അജീഷിൻ്റെ മരണം വനം വകുപ്പിന്റെ വീഴ്ച്ച: മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കണം: ആം ആദ്മി

തിരുവമ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കേരളാ വനം വകുപ്പാണ് പൂർണ്ണമായും പ്രതിക്കൂട്ടിലുള്ളത്. നേരത്തേ കുഴപ്പങ്ങളുണ്ടാക്കിയതു മൂലം റേഡിയോ കോളർ ധരിപ്പിച്ച ആനയാണ് ആക്രമണം നടത്തിയത് എന്നത് കേരളാ വനം വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു.
ആക്രമ സ്വഭാവമുള്ള ആനയുടെ സഞ്ചാരപാത നിരീക്ഷിച്ച് അവിടുത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും മുൻകരുതൽ നടപടികൾ എടുക്കാനുമാണ് റേഡിയോ കോളർ ധരിപ്പിക്കുന്നത്. എന്നാൽ ഇവിടെ കേരളത്തിലെ വനം വകുപ്പിന്റെ കൈവശം ആനയുടെ ലൊക്കേഷൻ വിവരങ്ങളോ സഞ്ചാരപാതയോ പോലും ഉണ്ടായിരുന്നില്ല. വനം വകുപ്പ് അതിന്റെ ഉത്തരവാദിത്വത്തിൽ പൂർണ്ണമായും പരാജയപ്പെട്ടു എന്നു വ്യക്തമാണ്.
വനം വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ട മന്ത്രി എ.കെ.ശശീന്ദ്രൻ ഉടൻ രാജി വയ്ക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. കൃത്യനിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉടനെ സസ്പൻഡ് ചെയ്യണം. റേഡിയോ കോളർ വിവരങ്ങൾ നിരീക്ഷിക്കുന്നതിൽ സംഭവിച്ച വീഴ്ച്ച അന്വേഷിക്കാനും വന്യജീവി ആക്രമണങ്ങൾക്കു പരിഹാരം നിർദ്ദേശിക്കാനും സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം എന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.
വന്യജീവി ആക്രമണങ്ങളിലെ ഇരകൾക്ക് പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പലപ്പോഴും പൂർണ്ണമായും അവരുടെ കൈകളിലെത്താറില്ല. വയനാട്ടിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി അങ്ങാടിയിൽ ചേർന്ന സായഹ്നധർണ്ണയിൽ ലിൻസ് ജോർജ്, അബ്രാഹം വാമറ്റത്തിൽ, ഏലിയാസ് പാടത്തുകാട്ടിൽ, മനു പൈമ്പിള്ളിൽ, ജയിംസ് മറ്റത്തിൽ, ജോസ് മുള്ളനാനിക്കൽ, മാത്യു എം.എ, ഫൈസൽ മുക്കം, ബേബി ആലക്കൽ എന്നിവർ സംസാരിച്ചു.



