
വയനാട്ടിലെ ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. ഹെലികോപ്ടറിൽ വയനാട്ടിലെത്തിയ മോദി ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. ഹെലികോപ്ടറിൽ പ്രധാനമന്ത്രിക്കൊപ്പം പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ, സുരേഷ് ഗോപി തുടങ്ങിയവരുണ്ടായിരുന്നു. തുടർന്ന് കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെത്തി. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെത്തി ദുരന്ത മഖല സന്ദർശിച്ചു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സുരേഷ്ഗോപിയും ഇവിടേയും അനുഗമിച്ചിരുന്നു. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.



