
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറുന്നു. സ്വന്തമായ ആവശ്യത്തിനും വരുമാന മാർഗമായും നടത്തി വരുന്ന കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ ഇടവിള കൃഷി വിളകളാണ് കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നത്.
പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും തന്നെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. വേലി കെട്ടി സംരക്ഷിച്ച് വൻ തുക ചെലവഴിച്ച് കൃഷി ചെയ്ത് വരുന്ന ഏക്കറുകളോളം സ്ഥലത്തെ വിളകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചു വരുന്നത്. ഇതു മൂലം പലരും ഇടവിള കൃഷികള്‍ പാടെ ഉപേക്ഷിക്കുകയാണ്. സ്വന്തം ഉപയോഗ ആവശ്യത്തിനു പോലും കൃഷി ചെയ്യാൻ കഴിയാത്തതിനാല്‍ ഇവയെല്ലാം തന്നെ വിപണിയില്‍ നിന്നും വില നല്‍കി വാങ്ങേണ്ട സ്ഥിതിയാണുള്ളതെന്നാണ് കർഷകർ പറയുന്നത്.
കൂരാച്ചുണ്ട് മൂന്നാം വാർഡ് ഓട്ടപ്പാലത്ത് കൃഷി ചെയ്ത കർഷകരായ എഴുതുകണ്ടി രാമകൃഷ്ണൻ, എഴുതുകണ്ടി ഗോപി, എഴുതുകണ്ടി ബാബു എന്നിവരുടെ 700 ചുവടോളം കപ്പ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികള്‍ ഇല്ലാതാക്കിയത്. ഇതിന് സമീപം ശങ്കരവയലില്‍ രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്ത് വന്ന കർഷകൻ ചെരിയൻപുറത്ത് ജിജിയുടെ 2800 ഓളം കപ്പ കൃഷിയില്‍ ഭൂരിഭാഗവും നാളുകള്‍ക്ക് മുമ്പാണ് കാട്ടുപന്നികള്‍ പല തവണകളായി നശിപ്പിച്ചത്.
കൂടാതെ കക്കയം, കരിയാത്തുംപാറ, കല്ലാനോട്, കാളങ്ങാലി, പൂവ്വത്തുംചോല, കേളോത്തുവയല്‍, ഓഞ്ഞില്‍, പുളിവയല്‍ തുടങ്ങിയിടങ്ങളിലെല്ലാം ഇതേ അവസ്ഥയാണ്. കൃഷിയിടത്തില്‍ അതിക്രമിച്ചു കയറി കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ കൂരാച്ചുണ്ട് പഞ്ചായത്തില്‍ തോക്ക് ഉടമകള്‍ക്ക് ലൈസൻസ് പുതുക്കി നല്‍കാത്തത് കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കൃഷിയിടത്തില്‍ പ്രവേശിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ സമീപ പഞ്ചായത്തില്‍ നിന്നുള്ള ഷൂട്ടർമാരെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് കർഷകർക്ക് പ്രായോഗികമായും ഗുണകരമാകുന്നില്ലെന്നാണ് പൊതു അഭിപ്രായം. ഷൂട്ടർമാർ ദൂരെ നിന്നും യാത്ര ചെയ്ത് സമയാസമയം എത്തുകയെന്നതും പ്രായോഗികമല്ലെന്നാണ് കർഷകർ പറയുന്നത്.
ലൈസൻസ് പുതുക്കാൻ അപേക്ഷ നല്‍കി കാത്തിരിപ്പ്
പഞ്ചായത്ത് പരിധിയില്‍ തോക്കുണ്ടായിരുന്ന ഉടമകള്‍ പലരും ലൈസൻസ് പുതുക്കി ലഭിക്കാനായി വർഷങ്ങള്‍ക്കു മുമ്പ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കാത്തിരിപ്പ് നീളുകയാണെന്ന് അപേക്ഷകർ പറയുന്നു. ഇതിനായി ഓഫീസുകള്‍ പല തവണ കയറിയിറങ്ങിയിട്ടും അധികൃതർ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയെന്നാണ് കർഷകർ പറയുന്നത്.
വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഏഴോളം പേർ തോക്കിന്‍റെ ലൈസൻസ് പുതുക്കി ലഭിക്കാനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്.



