LOCAL NEWSNews

കാട്ടുപോത്ത് ആക്രമണം: അധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: കക്കയത്തെ കർഷകനായ പാലാട്ടില്‍ ഏബ്രഹാമിനെ കൃഷിയിടത്തില്‍ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ അധികൃതർ സ്വീകരിച്ച നിലപാടില്‍ വ്യാപക പ്രതിഷേധം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിനു പകരം വന്യമൃഗങ്ങളുടെ സുരക്ഷയ്ക്കാണ് അധികൃതർ പ്രാമുഖ്യം നല്‍കുന്നതെന്നാണ് കർഷകരുടെ ആരോപണം.

കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടു പ്രാവശ്യം കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ ചർച്ചയില്‍ അധികൃതർ നിഷേധാത്മക നിലപാടാണ് പുലർത്തിയതെന്നും കർഷക സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. വനപാലകരെത്തി കാട്ടിലേക്ക് തുരത്തുന്ന കാട്ടുപോത്ത് അധികം വൈകാതെ തന്നെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വീണ്ടും ജനങ്ങള്‍ക്ക് ഭീഷണിയുയർത്തുകയാണ്. അടുത്തിടെ കക്കയം മേഖലയില്‍ കാട്ടുപോത്ത് അടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണ്.

ഏബ്രഹാമിനെ കുത്തിക്കൊന്ന കാട്ടുപോത്ത് ഇനിയും നാട്ടിലിറങ്ങി ആളുകളെ വകവരുത്തുമെന്ന ഭീതിയെത്തുടർന്നാണ് കാട്ടുപോത്തിനെ കൊല്ലണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത് എത്തിയത്. എന്നാല്‍ ഈ ആവശ്യത്തോടു മുഖം തിരിക്കുകയാണ് അധികൃതർ ചെയ്തത്. മറ്റു സ്ഥലങ്ങളില്‍ കൊലയാളികളായ വന്യജീവികളെ വെടിവച്ചുകൊല്ലാൻ അധികൃതർ അനുമതി നല്‍കിയ സംഭവങ്ങളും വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ കഴിയുന്ന നിയമങ്ങളും വിവിധ കോടതികളുടെ ഉത്തരവുകളും നിർദേശങ്ങളും ചൂണ്ടിക്കാട്ടിയപ്പോള്‍ കോഴിക്കോട് കലക്ടർ മോശമായാണ് പെരുമാറിയതെന്ന് ചർച്ചയില്‍ പങ്കെടുത്ത കർഷക സംഘടനാ നേതാക്കളായ അലക്സ് ഒഴുകയിലും മാജുഷ് മാത്യുവും പറഞ്ഞു.

കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനുള്ള അത്യന്തം ഗുരുതരമായ സാഹചര്യം നിലവിലില്ലെന്ന ഡിഎഫ്‌ഒയുടെയും കലക്ടറുടെയും നിലപാടുകളും പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ഇതോടെ ചർച്ച പരാജയപ്പെട്ടു. ഇൻക്വസ്റ്റിനോടു സഹകരിക്കില്ലെന്ന് ഏബ്രഹാമിന്‍റെ മകൻ ജോമേഷ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

കാട്ടുപോത്തിനെ കൊല്ലുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ റോഡ് ഉപരോധിച്ച 32 പേരെയാണ് പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവർക്ക് പിന്നീട് പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com